28 June 2024 Friday

ഐ എസ് എൽ ഇൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ്‌ ബംഗാളിനെ നേരിടും

ckmnews


 കൊച്ചി ∙ ഇന്നത്തെ പ്ലേ ‘ഓൺ’ ആകുന്നതിനു മുൻപേ ഐഎസ്എൽ പ്ലേഓഫിലെത്തിയതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ പഞ്ചാബ് എഫ്സി 3–1ന് ഒഡീഷ എഫ്സിയോടു തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് ബെർത്ത് ഉറപ്പിച്ചത്. പോയിന്റ് ടേബിളിൽ 5–ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്ഷ്യം ടോപ് ഫോർ സ്ഥാനം. തൊട്ടു താഴെയുള്ള ഒരു ടീമിനും ഇനി, ബ്ലാസ്റ്റേഴ്സിനെ മറികടക്കാനാവില്ല. അതേസമയം, ഇനിയുള്ള 3 മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഈസ്റ്റ് ബംഗാളിനു പ്ലേ ഓഫിനു നേരിയ സാധ്യത പോലും തെളിയൂ. ഫലത്തിൽ അവർക്ക് ഇന്നത്തെ പോരാട്ടം ഫൈനലിനു തുല്യം. രാത്രി 7.30നു കലൂർ നെഹ്റു സ്റ്റേഡിയത്തിലാണു പോരാട്ടം. ജിയോ സിനിമ ആപ്പിലും സ്പോർട്സ് 18 ചാനലിലും തൽസമയം.

ഡിസംബർ 27നും ഫെബ്രുവരി രണ്ടിനുമിടയിൽ എവിടെയോ നഷ്ടമായ ‘ഫൈറ്റിങ് സ്പിരിറ്റ്’ സ്വന്തം മണ്ണിലെ അവസാന ലീഗ് മത്സരത്തിൽ വീണ്ടെടുക്കുക എന്നതാകും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ജനുവരി ഇടവേളയ്ക്കു ശേഷം ഏഴിൽ 5 കളികളിലും തോ‍ൽവി. പേരിനൊരു ജയവും സമനിലയും മാത്രം. കൊൽക്കത്തയിൽ മോഹൻ ബഗാനെ തകർത്തു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ജനുവരി ഇടവേളയ്ക്കു പിരിഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ വീഴ്ചയുടെ തുടക്കം ഒഡീഷ എഫ്സിയോടേറ്റ തോൽവിയോടെയായിരുന്നു. എന്നാൽ പ്ലേഓഫ് ഉറപ്പിച്ചതോടെ കളി ഉടച്ചു വാർക്കാനും പരുക്കു സാധ്യത ഒഴിവാക്കാനും ലക്ഷ്യമിടുന്ന ടീം റിസർവ് താരങ്ങൾക്കു കൂടി അവസരം കൊടുക്കുന്ന ‘റൊട്ടേഷൻ’ രീതി പരീക്ഷിച്ചേക്കും. സസ്പെൻഷൻ നേരിടുന്ന സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചും ഡാനിഷ് ഫാറൂഖും ഇന്നു കളിക്കില്ല.

കളിക്കാർ വരുത്തുന്ന ചെറിയ പിഴവുകളാണു വുക്കോമനോവിച്ചിന്റെ തലവേദന. അദ്ദേഹത്തിന്റെ ഭാഷയിൽ സ്റ്റുപ്പിഡ്, സില്ലി മിസ്റ്റേക്സ്! പ്രതിരോധ നിര വരുത്തുന്ന വ്യക്തിഗത പിഴവുകളാണു പലപ്പോഴും ടീമിനെ ചതിച്ചത്. പലവട്ടം അഴിച്ചു പണിതിട്ടും പ്രതിരോധ ഭിത്തിയിൽ വിള്ളലുകൾ പ്രകടം. ആശ്വാസം മുൻനിരയിൽ ഗ്രീക്ക് ഗോൾ മെഷീൻ ദിമിത്രി ഡയമന്റകോസിന്റെയും ഒപ്പം ഫിയദോർ ചെർനിചിന്റെയും പ്രകടനം തന്നെ. ബ്ലാസ്റ്റേഴ്സിന്റെ പതർച്ചയിലാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷ. ‘‘ഞങ്ങൾക്കു വ്യക്തമായ പദ്ധതിയുണ്ട്. ലക്ഷ്യം 3 പോയിന്റ് മാത്രം.’’– ഈസ്റ്റ് ബംഗാൾ സഹപരിശീലകൻ മലയാളിയായ ബിനോ ജോർജിന്റെ വാക്കുകളിൽ പ്രതീക്ഷ.