28 June 2024 Friday

ആദ്യ വിജയം തേടി ഹാര്‍ദ്ദിക്കിന്‍റെ മുംബൈ ഇന്ന് വാങ്കഡെയില്‍; എതിരാളികള്‍ സഞ്ജുവിന്റെ രാജസ്ഥാന്‍

ckmnews


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുമ്പോള്‍ സീസണിലെ ആദ്യ വിജയമെന്ന വലിയ സമ്മര്‍ദ്ദം ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയ്ക്കുണ്ട്. അതേസമയം തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്.

സീസണില്‍ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരമാണിത്. അതുകൊണ്ട് തന്നെ സ്വന്തം കാണികള്‍ക്കുമുന്നില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഹാര്‍ദ്ദിക്കും സംഘവും. സണ്‍റൈസേഴ്‌സിനോട് റെക്കോര്‍ഡ് വിജയലക്ഷ്യവും തോല്‍വിയും വഴങ്ങിയ ക്ഷീണം മാറ്റാന്‍ മുംബൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ പരാജയം ഏറ്റുവാങ്ങി.

അതേസമയം മികച്ച ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് വരുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനെയുമെതിരെയുള്ള രണ്ട് ഹോം മത്സരങ്ങളും രാജസ്ഥാന്‍ വിജയിച്ചു. സീസണില്‍ പിങ്ക് പടയുടെ ആദ്യ എവേ മത്സരമാണിത്. മുംബൈയ്‌ക്കെതിരെ വിജയം സ്വന്തമാക്കിയാല്‍ സഞ്ജുവിനും സംഘത്തിനും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.