28 June 2024 Friday

കന്നിക്കിരീടം ചൂടി സ്മൃതി മന്ദാനയും കൂട്ടരും; WPL കിരീടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്

ckmnews



ആര്‍സിബി ആരാധകര്‍ ഇന്നലെ രാത്രി സുഖമായി ഉറങ്ങിക്കാണും പതിനഞ്ച് വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ കോലിയും ഡിവില്ലിയേഴ്സും ഗെയ്ലും അണിനിരന്ന വമ്പന്‍ ബാറ്റിങ് നിര ഉണ്ടായിട്ടും കിരീടം നേടാനായില്ല എന്ന നാണക്കേട് ബെംഗളൂരുവിന്‍റെ റാണിമാര്‍ ഇന്നലെ രാത്രി മാറ്റി. വനിതാ പ്രീമിയര്‍ ലീഗിന്‍റെ കലാശപോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് കീഴടക്കി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും കൂട്ടരും അവരുടെ കന്നിക്കിരീടത്തില്‍ മുത്തമിട്ടു.

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ്: 113, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്: 115/2.

ക്യാപ്റ്റൻ സ്മൃത മന്ദാന (39 പന്തിൽ 31), സോഫ് ഡിവൈൻ (27 പന്തിൽ 32), എലിസി പെറി ( 37 പന്തിൽ 35*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ വിജയം നേടിയത്. മോളീനക്സിന്റെ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തിൽ നിർണായകമായി. ഡൽഹിക്കായി ശിഖ പാണ്ഡെയും മലയാളി താരം മിന്നു മണിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി.

ആര്‍സിബി താരം എലിസ് പെറി ടോപ്പ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. 13 വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീലിനാണ് പര്‍പ്പിള്‍ ക്യാപ്.