28 June 2024 Friday

'എക്കാലത്തെയും മികച്ച താരം മെസ്സി'; എർലിംഗ് ഹാലണ്ട്

ckmnews



ലണ്ടൻ: അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കുമ്പോൾ മറ്റൊരു താരത്തിന് ബലോൻ ദ് ഓർ വിജയം പ്രയാസകരമെന്ന് മാഞ്ചസ്റ്റർ സിറ്റി താരം എർലിം​ഗ് ഹാലണ്ട്. 2023ൽ ബലോൻ ദ് ഓർ പട്ടികയിൽ മെസ്സിക്ക് വെല്ലുവിളി ഉയർത്തിയ ഏക താരമാണ് ഹാലണ്ട്. എന്നാൽ ഹാലണ്ടിനെ പിന്നിലാക്കി മെസ്സി എട്ടാം തവണയും ബലോൻ ദ് ഓർ വിജയിച്ചു. പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡും ഹാലണ്ടിനെ പരാജയപ്പെടുത്തി മെസ്സി സ്വന്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് ഹാലണ്ട് മികച്ച ഫുട്ബോളറെ തിരഞ്ഞെടുത്തത്. 36കാരനായ മെസ്സി വിരമിക്കും മുമ്പ് ഫുട്ബോൾ പുരസ്കാരങ്ങൾ നേടാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. അത് തനിക്ക് അറിയില്ലെന്നും 23കാരനായ താൻ എല്ലാ ട്രോഫികളും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം വിജയിച്ചുവെന്നും ഹാലണ്ട് പറഞ്ഞു.

ഈ വിജയങ്ങളെല്ലാം തനിക്ക് ഇനിയും നേടണം. ഫുട്ബോളിൽ എക്കാലത്തെയും മികച്ച താരമാണ് മെസ്സി. മറ്റൊരാൾ ആ സ്ഥാനത്ത് എത്തണമെങ്കിൽ മെസ്സി വിരമിക്കുന്നത് വരെ കാത്തിരിക്കണമെന്നും ഹാലണ്ട് വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്, ചാമ്പ്യൻസ് ലീ​ഗ്, എഫ് എ കപ്പ് എന്നിവ നേടിയാണ് ഹാലണ്ട് ബലോൻ ദ് ഓർ പട്ടികയിലേക്ക് എത്തിയത്. ഒപ്പം 53 മത്സരങ്ങളിൽ നിന്ന് 52 ​ഗോളുകളും നോർവേയുടെ മാഞ്ചസ്റ്റർ സിറ്റി താരം അടിച്ചുകൂട്ടിയിരുന്നു. ഇത്തവണ 31 മത്സരങ്ങളിൽ നിന്നായി 28 ​ഗോളുകൾ ഇതുവരെ നേടിയ ഹാലണ്ട് അടുത്ത ബലോൻ ദ് ഓറിന് തയ്യാറെടുക്കുകയാണ്.