28 June 2024 Friday

എ എഫ് സി ചാമ്പ്യൻസ് ലീഗ്; അൽ നസർ ക്വാർട്ടർ ഫൈനലിൽ

ckmnews



റിയാദ്: എ എഫ് സി ചാമ്പ്യൻസ് ലീ​ഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്വാർട്ടറിൽ. രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ അൽ നസർ അൽ ഫൈഹയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് അൽ നസറിന്റെ വിജയം. ആദ്യ പാദത്തിൽ അൽ നസറിന് ഒരു ​ഗോളിന്റെ ലീഡ് ഉണ്ടായിരുന്നു.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ ​ഗോൾ പിറന്നു. പോർച്ചുഗീസ് വിങ്ങർ ഒട്ടാവിയോയുടെ ഗോളിൽ അൽ നസർ മുന്നിലെത്തി. മത്സരത്തിൽ റോണോയും സം​ഘവും സമഗ്രാധിപത്യം പുലർത്തി. 73 ശതമാനം സമയത്തും അൽ നസർ ആയിരുന്നു പന്തിനെ നിയന്ത്രിച്ചത്. 86-ാം മിനിറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ​ഗോൾ കൂടി ആയതോടെ അൽ നസർ സംഘം തകർപ്പൻ വിജയം സ്വന്തമാക്കി.

ഇന്ന് നടക്കുന്ന നിർണായക മത്സരങ്ങളിൽ സൗദി ക്ലബ് അൽ ഹിലാൽ ഇറാൻ ക്ലബ് സെപാഹാനെ നേരിടും. ആദ്യ പാദത്തിൽ അൽ ഹിലാൽ 3-1ന് മുന്നിലെത്തിയിരുന്നു. രാത്രി 11.30നാണ് മത്സരം. മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ ക്ലബ് നവ്‌ബഹോറിനെ സൗദി ക്ലബ് അൽ ഇത്തിഹാദ് നേരിടും. ആദ്യ പാദത്തിൽ ഇരുടീമുകളും ​ഗോൾ രഹിത സമനില പാലിച്ചു. രാത്രി 9.30നാണ് മത്സരം.