28 June 2024 Friday

ലൂട്ടൺ ടൗണിനെതിരെ ഗോൾമഴ; പ്രീമിയർ ലീ​ഗിൽ ലിവർപൂൾ മുന്നോട്ട്

ckmnews



ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തകർപ്പൻ ജയവുമായി ലിവർപൂൾ. പ്രീമിയർ ലീ​ഗ് കന്നിക്കാരായ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ മുന്നിട്ട് നിന്നത് മാത്രമാണ് ലൂട്ടൺ ടൗണിന് എടുത്ത് പറയാനുള്ളത്. രണ്ടാം പകുതിയിൽ ക്ലോപ്പിന്റെ സംഘം തകർപ്പൻ തിരിച്ചുവരവ് നടത്തി.

12-ാം മിനിറ്റിൽ ലിവർപൂളിനെ ഞെട്ടിച്ച് ചിഡോസി ഒഗ്ബെനെ ലൂട്ടൺ ടൗണിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ രണ്ട് അവസരങ്ങളാണ് ലിവർപൂൾ താരം ലൂയിസ് ഡയസ് നഷ്ടപ്പെടുത്തിയത്. രണ്ടാം പകുതിയിൽ 56-ാം മിനിറ്റ് മുതലാണ് മത്സരം മാറിയത്. വിര്‍ജിൽ വാൻ ഡൈക്കിന്റെ ഹെഡർ ലിവർപൂളിനെ ഒപ്പമെത്തിച്ചു.

രണ്ട് മിനിറ്റിനുള്ളിൽ കോഡി ഗാക്‌പോ റെഡ്സ് സംഘത്തെ മുന്നിലെത്തിച്ചു. ലൂയിസ് ഡയസ് നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പകരം 71-ാം മിനിറ്റിൽ ​ഗോൾ നേടി. 90-ാം മിനിറ്റിലെ ഹാർവെ ഇലിയറ്റിന്റെ ​ഗോൾ കൂടെ ആയതോടെ ലിവർപൂൾ വിജയം ആധികാരികമാക്കി. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. വിജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ നാല് പോയിന്റ് മുന്നിലെത്താനും ക്ലോപ്പിന്റെ സംഘത്തിന് കഴിഞ്ഞു.