28 June 2024 Friday

ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ; ഏഴ് വര്‍ഷത്തിനിടയിലെ മോശം പ്രകടനം

ckmnews


ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം ആണിത്. അടുത്തിടെ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു. 2023 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇതോടെയാണ് 15 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഇന്ത്യ 117-ാം സ്ഥാനത്തേക്ക് ഒതുങ്ങിയത്.

2017 ജനുവരിയിൽ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 129-ാം സ്ഥാനത്ത് എത്തിയിരുന്നു. 2015 ൽ 173 -ാം സ്ഥാനത്തേക്കും ഇന്ത്യ പിന്തള്ളപ്പെട്ടിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം ആയിരുന്നു ഇത്

ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തോടെ 35.63 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ഏഷ്യന്‍ റാങ്കിങ്ങില്‍ ഇന്ത്യ 22-ാം സ്ഥാനത്തായി. നിലവിൽ ടോഗോയ്ക്കും (116), ഗിനിയ-ബിസാവുവിനും ഇടയിലാണ് (118) ഇന്ത്യയുടെ റാങ്കിങ്ങ്.


ഓസ്‌ട്രേലിയ (0-2), ഉസ്‌ബെക്കിസ്ഥാൻ (0-3), സിറിയ (0-1) എന്നീ ടീമുകളോടാണ്, ജനുവരിയിൽ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ പരാജയപ്പെട്ടത്. നാല് ടീമുകളുള്ള ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.


അതേസമയം, ഫിഫ റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. ലോക ചാമ്പ്യൻമാരായ അർജൻ്റീന ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, ബ്രസീൽ എന്നീ രാജ്യങ്ങളാണ് അർജൻ്റീനക്കു തൊട്ടുപിന്നിലായുള്ളത്.