28 June 2024 Friday

ഐപിഎൽ കളിക്കണമെങ്കിൽ രഞ്ജി കളിച്ചിരിക്കണം; നിബന്ധന കൊണ്ടുവരാൻ ബിസിസിഐ

ckmnews


ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് കളിക്കണമെങ്കിൽ ഒരു വർഷത്തിൽ മൂന്ന് നാല് രഞ്ജി ട്രോഫി മത്സരങ്ങൾ എങ്കിലും കളിക്കണമെന്ന നിബന്ധന കൊണ്ടുവരാൻ ബിസിസിഐ. ചില യുവതാരങ്ങൾ ഐപിഎല്ലിൽ മാത്രം കളിക്കുന്നത് ശീലമാക്കാതിരിക്കുന്നതിനാണ് ബിസിസിഐ നീക്കം. ചില താരങ്ങൾ ഐപിഎൽ കളിക്കാനായി ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പിന്മാറുന്നതിൽ ബിസിസിഐയ്ക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ഇടയിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷാൻ ഇടവേളയെടുത്തിരുന്നു. പിന്നാലെ മുംബൈ ഇന്ത്യൻസ് സഹതാരം ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കൊപ്പം കിഷൻ പരിശീലനം നടത്തി. എങ്കിലും ജാർഖണ്ഡ് താരമായ കിഷൻ രഞ്ജി ട്രോഫി മത്സരങ്ങളിൽ പങ്കെടുത്തില്ല. ​രഞ്ജി ട്രോഫിയിൽ ​ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ് ജാർഖണ്ഡ്. ഇതോടെ രാജസ്ഥാനെതിരായ അവസാന രഞ്ജി മത്സരത്തിൽ പങ്കെടുക്കാൻ ബിസിസിഐ കിഷന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ താരം ഇതിനോട് താൽപ്പര്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഫെബ്രുവരി 16 മുതലാണ് രഞ്ജിയിൽ ജാർഖണ്ഡ്-രാജസ്ഥാൻ മത്സരം.