28 June 2024 Friday

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആവേശ വിജയവുമായി ചെൽസി

ckmnews


ലണ്ടൻ‌: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആവേശ വിജയവുമായി ചെൽസി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 91, 94 മിനിറ്റുകളിലാണ് ചെൽസിയുടെ വിജയ​ഗോളുകൾ പിറന്നത്. ഇരട്ട ​ഗോളുകളുമായി കോണര്‍ ഗാലഗർ ബ്ലൂസിന് വിജയമൊരുക്കി.

മത്സരത്തിന്റെ 30-ാം മിനിറ്റിൽ ചെൽസിയുടെ തട്ടകത്തിൽ ക്രിസ്റ്റൽ പാലസ് മുന്നിലെത്തി. ജെഫേര്‍സണ്‍ ലെര്‍മയാണ് സന്ദർശകർക്കായി ​ഗോൾ നേടിയത്. ബോക്‌സിന് പുറത്ത് നിന്നുമുള്ള തകര്‍പ്പന്‍ ഒരു ലോങ് റേഞ്ചറിലൂടെ ലെർമ ചെൽസിയുടെ വലകുലുക്കി. ആദ്യ പകുതി ഒരു​ ​ഗോളിന്റെ ലീഡിൽ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി.

നിർണായകമായ രണ്ടാം പകുതി തുടങ്ങിയതോടെ ചെൽസി ആദ്യ മറുപടി നൽകി. 47-ാം മിനിറ്റിൽ മാലോ ഗുസ്റ്റോ നല്‍കിയ പാസ് ഗാലഗര്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചു. അനുവദനീയമായ 90 മിനിറ്റും മത്സരം സമനിലയിൽ തുടർന്നു. അധിക സമയത്താണ് ചെൽസിയുടെ അത്ഭുത പ്രകടനം ഉണ്ടായത്.91-ാം മിനിറ്റിൽ കോണര്‍ ഗാലഗർ ലക്ഷ്യം കണ്ടു. ഇതോടെ ലീഡ് നേടി ചെൽസി വിജയം സ്വപ്നം കണ്ടു. 94-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ​ഗോൾ പിറന്നതോടെ ചെൽസി ആധികാരികമായി മത്സരം സ്വന്തമാക്കി.