28 June 2024 Friday

ഫുട്ബോളില്‍ ഇനി നീല കാര്‍ഡും

ckmnews


ഫുട്ബോളില്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ക്ക് പുറമെ നീല കാര്‍ഡുകളും വരുന്നു. രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ആണ് പരീക്ഷണാടിസ്ഥാനത്തില്‍ നീല കാര്‍ഡുകള്‍ കൊണ്ടുവരുന്നത്. 1970 ലോകകപ്പില്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കൊണ്ടുവന്നതിന് ശേഷം ഇത് ആദ്യമായാണ് പുതിയ കാര്‍ഡ് കൊണ്ടുവരുന്നത്. നീല കാര്‍ഡുകള്‍ പരീക്ഷിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവും. 


മല്‍സരത്തില്‍ ഫൗളുകള്‍ കാണിച്ച് നീല കാര്‍ഡ് ലഭിച്ചാല്‍ കളിക്കാരന്‍ 10 മിനിറ്റ് ഗ്രൗണ്ടിന് പുറത്താവും. ഒരു മല്‍സരത്തില്‍ രണ്ട് നീല കാര്‍ഡ് ലഭിച്ചാല്‍ ചുവപ്പ് കാര്‍ഡിന് തുല്യമായി കണ്ട് പുറത്താക്കും. ഒരു നീലയും ഒരു മഞ്ഞയും ലഭിച്ചാലും ചുവപ്പ് കാര്‍ഡ് ഉയര്‍ത്തും. ടോപ് ടയര്‍ മല്‍സരങ്ങളില്‍ നീല കാര്‍ഡ് ഉടന്‍ എത്തില്ല. 

 അടുത്ത സീസണില്‍ നീല കാര്‍ഡ് പരീക്ഷിക്കാനാണ് ഇഫാബ് നീക്കം. എഫ്എ കപ്പില്‍ നീല കാര്‍ഡ് ഉപയോഗിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 2024-25ലെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നീല കാര്‍ഡ് ഉപയോഗിക്കില്ല. 


മികച്ച ആക്രമണ നീക്കവുമായി മുന്നേറുന്നതിനെ തടയിട്ട് വരുന്ന, ചുവപ്പു കാര്‍ഡ് കാണിക്കാനാവാത്ത ഫൗളുകള്‍ക്ക് നീല കാര്‍ഡ് ലഭിക്കും. യൂറോ 2020ല്‍ ഇംഗ്ലണ്ടിന്റെ ബുകായോ സാകയുടെ ജഴ്സിയില്‍ ഇറ്റാലിയന്‍ പ്രതിരോധനിര താരം കില്ലെനി പിടിച്ച് വലിച്ച് തടഞ്ഞിരുന്നു. അന്ന് കില്ലെനിക്ക് മഞ്ഞ കാര്‍ഡ് മാത്രമാണ് ലഭിച്ചത്. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇഫാബിന്റെ വാര്‍ഷിക യോഗത്തില്‍ നീല കാര്‍ഡ് പരീക്ഷിക്കണമെന്ന ആവശ്യം ശക്തമായത്. റഫറി, ലൈൻസ്മാൻ, ഫോർത്ത് ഒഫീഷ്യൽ എന്നിവരോട് മോശമായി പെരുമാറുന്ന കളിക്കാർക്കും നീല കാർഡ് ലഭിക്കും.