28 June 2024 Friday

അൽ നസറിനെ തകർത്തു റിയാദ് സീസൺ കപ്പ് അൽ ഹിലാലിന്

ckmnews


റിയാദ്: പരിക്കിൽ നിന്ന് മോചിതനായ ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിവന്ന മത്സരത്തിൽ അൽ നസറിന് തോൽവി. തകർപ്പൻ ജയത്തോടെ അൽ ഹിലാൽ റിയാദ് സീസൺ കപ്പ് സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് അൽ ഹിലാൽ അൽ നസറിനെ പരാജയപ്പെടുത്തിയത്. സെർജ് മിലിങ്കോവിക്-സാവിക്, സലീം അൽ ദൗസരി എന്നിവർ അൽ ഹിലാലിന്റെ ​ഗോളുകൾ നേടി.

മത്സരത്തിന് മുമ്പായി ​ഗ്രൗണ്ടിലെത്തിയ ഡബ്ല്യൂ ഡബ്ല്യു ഇ മുൻ താരം അണ്ടർടേക്കർ റിയാദ് സീസൺ കപ്പ് സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. സെർജ് മിലിങ്കോവിക്-സാവിക് ആണ് ആദ്യ ​ഗോൾ നേടിയത്. പിന്നാലെ 30-ാം മിനിറ്റിൽ സലീം അൽ ദൗസരി തകർപ്പൻ ഒരു ഫിനിഷിലൂടെ ​ഗോൾ എണ്ണം രണ്ടാക്കി.

43-ാം മിനിറ്റിലും രണ്ടാാം പകുതിയിൽ 48-ാം മിനിറ്റിലും അൽ ഹിലാൽ താരങ്ങൾ വീണ്ടും വലചലിപ്പിച്ചു. എന്നാൽ ഓഫ്സൈഡ് ഫ്ലാ​ഗ് ഉയർന്നതോടെ ​ഗോൾ നിഷേധിക്കപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ നേടിയ രണ്ട് ​ഗോളിൽ അൽ ഹിലാൽ വിജയം ആഘോഷിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും ഉൾപ്പടെയുള്ള താരങ്ങൾ മടങ്ങിയെത്തിയതിന്റെ ആശ്വാസം മാത്രമാണ് അൽ നസറിന് ഉണ്ടായിരുന്നത്.