28 June 2024 Friday

റിയാദ് സീസൺ കപ്പ്; ഇന്റർ മയാമിയെ തകർത്തെറിഞ്ഞ് അൽ നസർ

ckmnews


റിയാദ്: മേജർ ലീ​ഗ് സോക്കർ സീസണിന് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് വീണ്ടും തോൽവി. സൗദി പ്രോ ലീഗ് ക്ലബ് അൽ നസറിനോട് എതിരില്ലാത്ത ആറ് ​ഗോളിനാണ് മയാമിയുടെ പരാജയം. ആൻഡേഴ്സൺ ടലിസ്കയുടെ ഹാട്രിക് മികവിലാണ് അൽ നസർ തകർപ്പൻ വിജയം നേടിയത്. പരിക്കേറ്റ അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചില്ല. എന്നാൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്ന മയാമി നായകൻ ലയണൽ മെസ്സി 84-ാം മിനിറ്റിൽ പകരക്കാരനായി കളത്തിൽ ഇറങ്ങി.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ഒട്ടാവിയോ ആണ് ആദ്യ ​ഗോൾ നേടിയത്. 10-ാം മിനിറ്റിൽ ടലിസ്ക തന്റെ ആദ്യ ​ഗോൾ നേടി. 12-ാം മിനിറ്റിലെ അയ്മെറിക് ലപ്പോർട്ടയുടെ ​ഗോൾ സെന്റർ സർക്കിളിനും പിന്നിൽ നിന്നായിരുന്നു. ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ആധികാരിക ലീഡാണ് അൽ നസറിന് ഉണ്ടായിരുന്നത്.രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ടലിസ്ക വീണ്ടും ​ഗോൾ നേടി. പെനാൽറ്റിയിലൂടെയാണ് ​ഗോൾ. 68-ാം മിനിറ്റിൽ മുഹമ്മദ് മാരനായിരുന്നു ​ഗോൾ അടിച്ചത്. 73-ാം മിനിറ്റിൽ ടലിസ്ക തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇതോടെ അൽ നസർ ആറ് ​ഗോളിന് മുന്നിലായി. ആരാധകർക്ക് വേണ്ടി 84-ാം മിനിറ്റിൽ ലയണൽ മെസ്സി കളത്തിലിറങ്ങിയത് മാത്രമാണ് ഇന്റർ മയാമിക്ക് എടുത്ത് പറയാനുള്ളത്.