28 June 2024 Friday

ദ ലാസ്റ്റ് ഡാൻസ്; അൽ നസർ-ഇന്റർ മയാമി പോരാട്ടം ഇന്ന്

ckmnews


റിയാദ്: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന അൽ നസർ - ഇന്റർ മയാമി പോരാട്ടം ഇന്ന്. അൽ നസറിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങില്ലെന്നത് ആരാധകർക്ക് കടുത്ത നിരാശയാണ്. എങ്കിലും അവസാനമായി മെസ്സി-റൊണാൾഡോ സംഘങ്ങൾ നേർക്കുനേർ വരുന്നുവെന്നത് ആവേശം സൃഷ്ടിക്കുന്നു.

റിയാദ് കപ്പിലെ ആദ്യമത്സരത്തിൽ അൽ ഹിലാലിനോട് പരാജയപ്പെട്ടാണ് ഇന്റർ മയാമി ഇറങ്ങുന്നത്. മെസ്സിയും സുവാരസും സെർജിയോ ബുസ്കറ്റ്സും ജോർഡി ആൽബയും ഇറങ്ങിയിട്ടും മയാമിക്ക് ജയിക്കാൻ കഴിഞ്ഞില്ല. എംഎൽഎസ് പ്രിസീസൺ സൗഹൃദ മത്സരങ്ങളിൽ ഒരു സമനിലയും രണ്ട് തോൽവിയുമാണ് മയാമിയുടെ സമ്പാദ്യം. എന്നാൽ സൗദി പ്രോ ലീഗ് ടേബിൾ ടോപ്പറായ അൽ ഹിലാലിനോട് ശക്തമായി മത്സരം കാഴ്ചവെച്ചതിന്റെ ആശ്വാസത്തിലാണ് മയാമി ആരാധകർ.

റൊണാൾഡോ ഇല്ലെങ്കിലും സാദിയോ മാനേ, സേകോ ഫൊഫാന, അല്കസ് ടെല്ലസ്, ആന്റേഴ്സൺ ടലിസ്ക തുടങ്ങിയവർ ഉൾപ്പെടുന്ന അൽ നസർ ശക്തരാണ്. മെസ്സിയും റൊണാൾഡോയും അവസാനമായി ഏറ്റുമുട്ടുന്നുവെന്ന് പ്രതീക്ഷിച്ച പോരാട്ടത്തിന് സംഘാടകർ ലാസ്റ്റ് ഡാൻസ് എന്നാണ് പേര് നൽകിയിരുന്നത്.