28 June 2024 Friday

ഏഷ്യൻകപ്പിൽ ചരിത്രത്തിലാദ്യമായി പലസ്‌തീൻ പ്രീക്വാർട്ടറിൽ

ckmnews


ചരിത്രത്തിലാദ്യമായി പലസ്‌തീൻ ഏഷ്യൻ കപ്പ്‌ പ്രീ ക്വാർട്ടറിൽ കടന്നു. മൂന്ന്‌ ഗോളിന്‌ ഹോങ് കോങ്ങിനെ തോൽപ്പിച്ചാണ് മുന്നേറ്റം

ആദ്യകളിയിൽ ഇറാനോട്‌ 1–4ന്‌ തോറ്റെങ്കിലും പിന്നീട് യുഎഇയുമായി 1–1ന്‌ സമനിലയിലായിരുന്നു. ഹോങ് കോങ്ങുമായുള്ള പോരാട്ടത്തിൽ നിർണായകവിജയം കൈവരിക്കുകയും ചെയ്തു. ഏഷ്യൻ കപ്പിലെ ആദ്യജയംകൂടിയായിരുന്നു ഇത്. അവസാന പതിനാറിൽ സ്ഥാനംപിടിച്ചത്‌ ഗ്രൂപ്പ്‌ ‘സി’യിൽ നിന്ന്‌ മികച്ച മൂന്നാംസ്ഥാനക്കാരായാണ്‌.

ഉറ്റവരും ഉടയവരും മരിച്ചുവീഴുന്ന വാർത്തകൾ കേട്ടാണ്‌ പലസ്‌തീൻ ടീമിലെ ഓരോരുത്തരും കളിക്കളത്തിലിറങ്ങിയത്‌. ഇറാനെതിരായ ആദ്യകളിക്ക്‌ തയ്യാറെടുക്കുമ്പോൾ ഡ്രസിങ്‌ റൂമിലിരുന്നാണ്‌ പലസ്‌തീന്റെ മഹമൂദ്‌ വാദി അടുത്തബന്ധു കൊല്ലപ്പെട്ടതറിഞ്ഞത്‌. ‘മത്സരത്തിന്‌ അരമണിക്കൂർ മുമ്പായിരുന്നു. ഉറ്റചങ്ങാതികൂടിയായിരുന്നു അവൻ. എല്ലാം പങ്കുവയ്‌ക്കുന്നവൻ. എന്ത്‌ ചെയ്യണമെന്നറിയില്ലായിരുന്നു. ആകെ ഒരു മരവിപ്പ്‌. ഇത്മാ എന്റെ മാത്രം അനുഭവമല്ല. ഞങ്ങളിൽ ഭൂരിഭാഗവും ഇവിടെ കഴിയുന്നത്‌ മരണവും, ബോംബിങ്ങിൽ വീട്‌ തകർന്നതും കേട്ടാണ്‌. അവസാനശ്വാസംവരെ പൊരുതാനാണ്‌ തീരുമാനം. ഇനി ഏത്‌ തോക്കിനും ബോംബിനുമാണ്‌ ഞങ്ങളെ ഭയപ്പെടുത്താനാകുക’–മഹമൂദ്‌ ചോദിക്കുന്നു.

ഓരോ നിമിഷവും അപായസന്ദേശമെത്തുമെന്നും കൂടെപ്പിറപ്പുകളോ സുഹൃത്തുക്കളോ നഷ്ടമായ വിവരം വേദനയോടെ കേട്ടുനിൽക്കുമെന്നും അവർ പറഞ്ഞു. അവർ കളിക്കളത്തിലിറങ്ങുന്നത് ഹൃദയം തകർന്ന വേദന കടിച്ചമർത്തിയാണ്‌. എന്നിട്ടും അവരെ ആർക്കും തോൽപ്പിക്കാനായില്ല.

ഇതുവരെ 88 കായികതാരങ്ങളാണ്‌ ഇസ്രയേൽ ആക്രമണത്തിൽ പലസ്‌തീനിൽ കൊല്ലപ്പെട്ടത്‌. ദേശീയ ടീം കുവൈത്തിലായിരുന്നു. ഏഷ്യൻ കപ്പിന്‌ ഒരുങ്ങിയതും ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾ കളിച്ചതുമെല്ലാം അവിടെ കുവൈത്തിൽ തന്നെയായിരുന്നു.