28 June 2024 Friday

ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാർ യാദവിന്; രണ്ട് തവണ പുരസ്കാരം നേടുന്ന ആദ്യ താരം

ckmnews


2023 ലെ മികച്ച ടി20 താരമായി സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടർച്ചയായി രണ്ടാം തവണയാണ് ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാറിന് ലഭിക്കുന്നത്. രണ്ട് തവണ ടി20 പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് സൂര്യ. നേരത്തെ 2022 ലും സ്കൈയ്ക്ക് ഈ അവാർഡ് ലഭിച്ചിരുന്നു.

സിംബാബ്‌വെയുടെ സിക്കന്ദർ റാസ, ഉഗാണ്ടയുടെ അൽപേഷ് റമസാനി, ന്യൂസിലൻഡിന്റെ മാർക്ക് ചാപ്മാൻ എന്നിവരെ മറികടന്നാണ് സൂര്യകുമാറിൻ്റെ നേട്ടം. 2023-ൽ 17 ഇന്നിങ്‌സുകളിൽ നിന്ന് 48.86 ശരാശരിയിൽ 155.95 സ്‌ട്രൈക്ക് റേറ്റിൽ 733 റൺസാണ് സൂര്യകുമാർ നേടിയത്. 2021 ൽ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ച സൂര്യ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് തന്റെ പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിച്ചത്.


മുംബൈ സ്വദേശിയായ സൂര്യകുമാറിന്റെ പേരിൽ നാല് ട്വന്റി20 സെഞ്ചറികളാണുള്ളത്. ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെലിന‌ൊപ്പം ഇക്കാര്യത്തിൽ രണ്ടാമതാണ് താരം. അഞ്ച് സെഞ്ചറികളുള്ള ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഒന്നാമത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റതിനു പിന്നാലെ ട്വന്റി20 ടീമിന്റെ നായകനായി സൂര്യകുമാറിനെ നിയോഗിച്ചിരുന്നു.