28 June 2024 Friday

അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

ckmnews


ബ്ലൂംഫോണ്ടെയ്ൻ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകും. അണ്ടർ 19 ലോകകപ്പിന്റെ 15-ാം പതിപ്പാണിത്. അയർലൻഡും അമേരിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. ഉച്ചയ്ക്ക് 1.30 മുതലാണ് രണ്ട് മത്സരങ്ങളും നടക്കുക.


ഇന്ത്യയുടെ ആദ്യ മത്സരം നാളെ ബം​ഗ്ലാദേശിനെതിരെയാണ്. അണ്ടർ 19 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ ഇന്ത്യയാണ്. എങ്കിലും ഡിസംബറിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിന്റെ സെമിയിൽ ബം​ഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരായതും ബം​ഗ്ലാദേശാണ്. രാജസ്ഥാൻ സ്വദേശി ഉദയ് ശരൺ ആണ് ഇന്ത്യൻ ടീമിന്റെ നായകൻ.ഇന്ത്യയ്ക്കും ബം​ഗ്ലാദേശിനുമൊപ്പം ​ഗ്രൂപ്പിൽ അയർലൻഡും അമേരിക്കയുമുണ്ട്. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് 24 ദിവസം നീണ്ടുനിൽക്കും. ആകെ 41 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഫെബ്രുവരി 11നാണ് ഫൈനൽ. അഞ്ച് തവണ അണ്ടർ 19 ചാമ്പ്യന്മാരായ ഇന്ത്യയാണ് കൂടുതൽ തവണ ലോകകപ്പ് നേടിയിട്ടുള്ളത്.