28 June 2024 Friday

ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; എതിരാളികൾ ഉസ്ബെക്കിസ്ഥാൻ

ckmnews


റയാൻ: ഏഷ്യന്‍ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും. വൈകിട്ട് എട്ട് മണിക്കാണ് മത്സരം. പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോ‌ട് പരാജയപ്പെട്ടെങ്കിലും പ്രതിരോധ നിര നടത്തിയ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത്. എങ്കിലും മധ്യനിരയും മുന്നേറ്റ നിരയും പന്തുമായി മുന്നേറുന്നതിൽ പരാജയപ്പെട്ടു.

ഉസ്ബെക്കിസ്ഥാനതിരെ ഇന്ന് ജയിച്ചാൽ അത് ചരിത്രമാകും. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ നാലിലും ഇന്ത്യ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിൽ സമനിലയായിരുന്നു ഫലം. 39കാരനായ ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ തന്നെയാണ് ഇന്ത്യയുടെ ​ഗോൾ പ്രതീക്ഷകൾ. ​ഓസ്ട്രേലിയയ്ക്കെതിരെ മികച്ച ഒരു അവസരം സൃഷ്ടിക്കാനും ഛേത്രിക്ക് കഴിഞ്ഞിരുന്നു.

പരിക്ക് മാറിയ സഹൽ അബ്ദുൾ സമദ് ടീമിൽ തിരിച്ചെത്തിയേക്കും. ഛേത്രിക്കൊപ്പം മൻവീർ സിം​ഗും സന്ദേശ് ജിങ്കനും ​ഗുർപ്രീത് സിം​ഗ് സന്ധുവും ഉൾപ്പെടുന്ന നിര ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യയ്ക്ക് വിജയം നേടാൻ സാധിച്ചേക്കും. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 102-ാം സ്ഥാനത്തും ഉസ്ബെക്കിസ്ഥാൻ 68-ാമതുമാണ്. ആദ്യ മത്സരത്തിൽ സിറിയയോട് തോറ്റ ഉസ്ബെക്കിസ്ഥാനും ഇന്നത്തെ മത്സരം നിർണായകമാണ്.