28 June 2024 Friday

സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ; ഒസസൂനയെ തകർത്ത് ബാഴ്സലോണ

ckmnews


റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ. തിങ്കളാഴ്ച നടക്കുന്ന കലാശപ്പോരിൽ ബാഴ്സലോണ-റയൽ മാഡ്രിഡിനെ നേരിടും. ഇന്ന് പുലർച്ചെ നടന്ന സെമിയിൽ ഒസസൂന എഫ് സിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്താണ് ബാഴ്സലോണ ഫൈനലിന് ടിക്കറ്റെടുത്തത്. റോബർട്ട് ലെവൻഡോസ്കിയും ലാമിൻ യമാലും ​ഗോളുകൾ നേടി.

മത്സരത്തിൽ ബാഴ്സലോണയ്ക്ക് മികച്ച തുടക്കം ലഭിച്ചു. നിരന്തരം എതിരാളിയുടെ പോസ്റ്റിലേക്ക് കറ്റാലൻ സംഘം കടന്നുകയറി. ഇതോടെ ഒസസൂന പ്രതിരോധത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചു. ആദ്യ പകുതി സമനിലയിൽ പിടിക്കാൻ ഒസസൂന സംഘത്തിന് കഴിഞ്ഞു.രണ്ടാം പകുതിയിലും ബാഴ്സലോണയ്ക്ക് മികച്ച തുടക്കം ലഭിച്ചു. ഒടുവിൽ 59-ാം മിനിറ്റിൽ ഒസസൂന പ്രതിരോധം പൊളിച്ച് ബാഴ്സ ആദ്യ ​ഗോൾ നേടി. റോബർട്ട് ലെവൻഡോസ്കിയാണ് വലചലിപ്പിച്ചത്. 93-ാം മിനിറ്റിലെ ​ഗോളിലൂടെ ലാമിൻ യമാൽ ബാഴ്സയുടെ വി‍ജയം ഉറപ്പിച്ചു.