28 June 2024 Friday

സൂപ്പറാകാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; സൂപ്പര്‍ കപ്പിലെ ആദ്യ പോരാട്ടം ഇന്ന്

ckmnews



ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പിലെ ആദ്യ അങ്കത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഐ ലീഗ് ടീമായ ഷില്ലോങ് ലജോങ്ങിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭുവനേശ്വറിലാണ് മത്സരം ആരംഭിക്കുക.

സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെട്ടിരിക്കുന്നത്. ജംഷഡ്പൂര്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവര്‍ക്കൊപ്പം ഐ ലീഗ് ക്ലബായ ഷില്ലോങ് ലാജോങ്ങുമാണ് ഗ്രൂപ്പിലുള്ളത്. ഷില്ലോംഗ് ലജോംഗ് എഫ്സി നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി 2023-24 ഐ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.


വിദേശ താരങ്ങളടക്കം ശക്തമായ ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് ഇറങ്ങുന്നത്. സൂപ്പര്‍ കപ്പില്‍ ആറ് വിദേശ താരങ്ങളെ വരെ ആദ്യ ഇലവനില്‍ ഇറക്കാനാകും. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് അവരുടെ എല്ലാ വിദേശ താരങ്ങളെയും ഷില്ലോങ് ലാജോങ്ങിനെതിരെ ഇറക്കിയേക്കും. പരിക്ക് കാരണം വിശ്രമത്തിലിരിക്കുന്ന സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ഇല്ലാതെയാണ് കൊമ്പന്മാര്‍ ഇറങ്ങുക.ഏഷ്യന്‍ കപ്പിന് വേണ്ടി മലയാളി താരം രാഹുല്‍ കെ പി, പ്രീതം കോട്ടാല്‍, ഇഷാന്‍ പണ്ഡിത എന്നീ താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഖത്തറിലായതിനാല്‍ സൂപ്പര്‍ കപ്പിനില്ല. അതേസമയം പരിക്ക് മാറിയെത്തിയ ജീക്‌സണ്‍ സിങ് വിബിന്‍ മോഹന്‍ എന്നിവര്‍ ടീമിനൊപ്പം ചേരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് പകരം വെറ്ററന്‍ ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ് ഇറങ്ങാനും സാധ്യതയുണ്ട്.