28 June 2024 Friday

ആഴ്‌സണലിനെ സ്വന്തം തട്ടകത്തില്‍ ചെന്ന് തീര്‍ത്തു; എഫ് എ കപ്പില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം

ckmnews



ലണ്ടന്‍: എഫ് എ കപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ ആഴ്‌സണലിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്‌സണല്‍ പരാജയം വഴങ്ങിയത്. വിജയത്തോടെ എഫ് എ കപ്പിന്റെ നാലാം റൗണ്ട് ഉറപ്പിക്കാനും റെഡ്‌സിന് സാധിച്ചു.

മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ ഡൈക് എന്നീ പ്രധാന താരങ്ങള്‍ ഇല്ലാതെയായിരുന്നു ലിവര്‍പൂള്‍ എതിരാളികളുടെ തട്ടകത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ ആഴ്‌സണലിന് ഒരുപാട് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. രണ്ടാം പകുതിയിലും ഗണ്ണേഴ്‌സിന്റെ ആക്രമണങ്ങള്‍ ലക്ഷ്യം കണ്ടില്ല. എന്നാല്‍ മത്സരത്തിന്റെ അവസാന 20 മിനിറ്റുകളില്‍ ലിവര്‍പൂളും നല്ല മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു. ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങി.

മത്സരത്തിന്റെ 80-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് എടുത്ത ഫ്രീകിക്കിനൊടുവില്‍ ആഴ്‌സണലിന്റെ വല കുലുങ്ങി. ജാകുബ് കിവിയര്‍ വഴങ്ങിയ ഓണ്‍ഗോളാണ് ലിവര്‍പൂളിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. സമനില ഗോള്‍ കണ്ടെത്താനായി ആതിഥേയര്‍ പരിശ്രമിച്ചുവെങ്കിലും അവസാന നിമിഷം ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ലിവര്‍പൂള്‍ സ്‌കോര്‍ ഇരട്ടിയാക്കി. കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡയസ് നേടിയ ഗോളിലൂടെ ലിവര്‍പൂള്‍ വിജയത്തിനൊപ്പം നാലാം റൗണ്ട് പ്രവേശനവും ഉറപ്പിച്ചു.