28 June 2024 Friday

ഷമി രണ്ടാം ടെസ്റ്റിനുമില്ല; ആവേശ് പകരക്കാരൻ

ckmnews



ഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ ആവേശ് ഖാനെ ഉൾപ്പെടുത്തി. പരിക്കേറ്റ മുഹമ്മദ് ഷമിയ്ക്ക് പകരമായാണ് ആവേശ് ഖാൻ ടീമിലെത്തുന്നത്. കേപ്ടൗണിൽ ജനുവരി മൂന്ന് മുതലാണ് രണ്ടാം ടെസ്റ്റിന് തുടക്കമാകുക. അവസരം ലഭിച്ചാൽ ആവേശ് ഖാന് ഇന്ത്യയ്ക്കായി അരങ്ങേറ്റ ടെസ്റ്റ് കളിക്കാൻ സാധിക്കും.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ആവേശ് ഖാൻ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന മത്സരത്തിലും ആവേശ് ഖാൻ കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റിൽ നിറം മങ്ങിയ പ്രസീദ് കൃഷ്ണയ്ക്ക് പകരമായി ആവേശ് ടീമിലെത്തുമോയെന്നാണ് ഇനി അറിയേണ്ടത്.

ഒന്നാം ടെസ്റ്റിൽ ദക്ഷിണാ​ഫ്രിക്കക്കെതിരെ ഇന്ത്യ കനത്ത പരാജയമാണ് നേരിട്ടത്. ഇന്നിങ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യൻ തോൽവി. രണ്ടാം ടെസ്റ്റ് വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയാക്കാൻ കഴിയും.