28 June 2024 Friday

ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ ആർക്കും സ്വന്തമാക്കാനാകാത്ത റെക്കോർഡുമായി വിരാട് കോഹ്ലി

ckmnews



സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റു വാങ്ങിയത്. ഈ വർഷത്തെ ബോക്സിങ് ഡേ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിലും 32 റൺസിനുമാണ് ഇന്ത്യയുടെ വമ്പൻ തോൽവി. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയെ ദക്ഷിണാഫ്രിക നിഷ്പ്രഭമാക്കുകയായിരുന്നു. എന്നാൽ തോൽവിയുടെ നിരാശയിലും ലോക ക്രിക്കറ്റിൽ ആർക്കും നേടാനാകാത്ത അനുപമമായ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം വിരാട് കോഹ്ലി.

ക്രിക്കറ്റിലെ മഹാരഥൻമാരായ സച്ചിൻ ടെൻഡുൽക്കറിനും ബ്രയൻ ലാറയ്ക്കുമൊന്നും സാധിക്കാതെ പോയ റെക്കോർഡാണ് വിരാട് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്.

ഏഴ് കലണ്ടർ വർഷങ്ങളിൽ 2000ൽ ഏറെ റൺസ് നേടുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി മാറി. ക്രിക്കറ്റ് എന്ന കായികയിനത്തിന്‍റെ 146 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു റെക്കോർഡ് പിറക്കുന്നത്. അതും ഒരു ഇന്ത്യക്കാരന്‍റെ പേരിൽ.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോഴും ഒറ്റയാനായി പൊരുതിയ കോഹ്ലി 76 റൺസ് നേടിയിരുന്നു. ഈ ബാറ്റിങ് പ്രകടനമാണ് കോഹ്ലിയെ പുതിയ റെക്കോർഡിലേക്ക് എത്തിച്ചത്.കോഹ് ലി നേരത്തെ രണ്ടായിരത്തിലധികം റണ്‍സ് അടിച്ച കലണ്ടര്‍ വര്‍ഷങ്ങള്‍- 2186 (2012) 2286 (2014) 2595 (2016) 2818 (2017) 2735 (2018) 2455 (2019). 1877 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചതുമുതൽ മറ്റൊരു കളിക്കാനും ഈ റെക്കോർഡ് നേട്ടത്തിൽ എത്താനായിട്ടില്ല.സെഞ്ചൂറിയൻ ടെസ്റ്റിൽ 163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് നേടാനായത് വെറും 131 റണ്‍സാണ്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിനു പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 245ല്‍ അവസാനിച്ചിരുന്നു.

രണ്ടാം ഇന്നിങ്സില്‍ വിരാട് കോഹ്ലി ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. 76 റണ്‍സെടുത്ത കോഹ്ലി 12 ഫോറുകളും ഒരു സിക്സും പറത്തി. പത്താമനായാണ് കോഹ്ലി മടങ്ങിയത്. കോഹ്ലിയെ കൂടാതെ 26 റൺസെടുത്ത ശുഭ്മാൻ ഗിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്.