28 June 2024 Friday

മുംബൈയ്ക്ക് തിരിച്ചടി; 'ക്യാപ്റ്റന്‍ പാണ്ഡ്യ'യ്ക്ക് സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ckmnews


മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 2024 ഐപിഎല്‍ സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്കില്‍ നിന്നും ഹാര്‍ദിക് പൂര്‍ണമായും മുക്തനായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ലോകപ്പ് മത്സരത്തിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തിന്റെ ഒന്‍പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെ താരത്തിന്റെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ലോകകപ്പിലെ മറ്റു മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാവുകയും ചെയ്തു.

അഫ്ഗാനിസ്താനെതിരെയുള്ള ട്വന്റി20 പരമ്പരയും ഹാര്‍ദിക്കിന് നഷ്ടമാകും. ജനുവരി 11 മുതല്‍ 17 വരെയുള്ള അഫ്ഗാന്‍ പരമ്പരയോടെ ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ തിരികെയെത്തുമെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമെന്നുമാണ് കരുതിയത്. എന്നാല്‍ പരിക്ക് വില്ലനായതോടെ ഐപിഎല്‍ വരെയുള്ള എല്ലാ പരമ്പരയും നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്ക് മൂലം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനും അഫ്ഗാന്‍ പരമ്പര നഷ്ടമാകും.

മുന്‍ ഐപിഎല്‍ കിരീടജേതാക്കളും കഴിഞ്ഞ സീസണിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഈ സീസണിലാണ് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെയെത്തിയത്. പിന്നീടാണ് ആരാധകരെ ഞെട്ടിച്ച് രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദ്ദിക്കിനെ നായകനായി മുംബൈ ഇന്ത്യന്‍സ് നിയമിക്കുന്നത്. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ടീമിന്റെ പ്രതികരണം. വിവാദത്തില്‍ വലിയ ആരാധക പ്രതിഷേധമാണ് ഉയരുന്നത്. പ്രഖ്യാപനമെത്തി വെറും ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ആരാധകരെ മുംബൈ ഇന്ത്യന്‍സിന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.