28 June 2024 Friday

മെസ്സി-സുവാരസ് ദ്വയം വീണ്ടും ഒന്നിക്കുന്നു; അമേരിക്കയിലെ പുതിയ ദൗത്യം

ckmnews


അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയും ഉറു​ഗ്വേൻ സ്ട്രൈക്കർ ലൂയിസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിക്കുവേണ്ടിയാണ് ബാഴ്സലോണയുടെ മുൻ സഹതാരങ്ങൾ ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. യൂറോപ്പിൽ നിറഞ്ഞാടിയ ഫുട്ബോൾ ജോഡി, കളിക്കളത്തിനും അപ്പുറത്തേയ്ക്ക് വളർന്ന സൗഹൃദം, മെസ്സി-സുവാരസ് ദ്വയം അമേരിക്കയിൽ പുഃനർജനിക്കുകയാണ്. മേജർ ലീഗ് സോക്കറിൽ അവസാന സ്ഥാനത്തായിരുന്ന ടീം, മെസ്സിയുടെ വരവോടെ ലീ​ഗ്സ് കപ്പിന്റെ ചാമ്പ്യന്മാരായി. പരിക്കിന്റെ പിടിയിൽപെട്ട് മെസ്സി മാറി നിന്നപ്പോൾ മയാമി തുടർതോൽവികൾ നേരിട്ടു. മയാമിക്ക് കരുത്തേകാൻ ലൂയിസ് സുവാരസിനെ പോലെ ശക്തനായ താരങ്ങളെ ഇന്റർ മയാമിക്ക് ആവശ്യമാണ്.

ലയണൽ മെസ്സി, ലോക ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം. അർജന്റീനൻ ദേശീയ ടീമിനൊപ്പം 17 വർഷം നീണ്ട ബാഴ്സലോണയിലെ കരിയറാണ് മെസ്സിയുടെ കരിയർ അടയാളപ്പെടുത്തുന്നത്. 2004ൽ വെറും 17 വയസുള്ളപ്പോൾ ബാഴ്സലോണയിൽ മെസ്സി അരങ്ങേറ്റം കുറിച്ചു. 2008-09 സീസണിൽ സമാനതകളില്ലാത്ത തലപ്പൊക്കത്തിൽ മെസ്സിയും ബാഴ്സയുമെത്തി. ലാ ലീഗ, കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗുകൾ നേടി ട്രെബിൾ നേട്ടം സ്വന്തമാക്കി. ഈ സീസണിലാണ് ബാഴ്സലോണ ആറ് കിരീടങ്ങൾ നേടിയത്. 2009 മുതൽ 2012 വരെ തുടർച്ചയായി നാല് തവണ മെസ്സി ബലോൻ ദ് ഓർ ജേതാവായി. മെസ്സിയുടെ മാന്ത്രികത നിറഞ്ഞ പ്രകടനം ഫുട്ബോൾ ലോകത്ത് സംസാര വിഷയമായി. പക്ഷേ 2013-14 സീസൺ നിരാശപ്പെടുത്തുന്നതായിരുന്നു. ഒരു കീരിടം പോലും ബാഴ്സലോണയ്ക്ക് നേടാൻ കഴിഞ്ഞില്ല. ജെറാർഡോ മാർട്ടിനോയ്ക്ക് പരിശീലക സ്ഥാനം നഷ്ടമായി. ലൂയിസ് എൻറിക്വെ പുതിയ പരിശീലകനായി. പിന്നാലെ ആ വലിയ തീരുമാനം എടുത്തു. ഉറു​ഗ്വേയൻ സ്ട്രൈക്കർ ലൂയിസ് സുവാരസിനെ ബാഴ്സലോണയിൽ എത്തിച്ചു. ലയണൽ മെസ്സി-ലൂയിസ് സുവാരസ് കൂട്ടുകെട്ട്, കാൽപ്പന്തിന്റെ ലോകത്തിനും അപ്പുറത്തേയ്ക്ക് പിറന്ന ആ സൗഹൃദത്തിന്റെ കഥ അവിടെ നിന്നും ആരംഭിച്ചു.

സുവാരസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ബ്രസീലിയൻ താരം നെയ്മർ ജൂനിയർ ബാഴ്സലോണയിലേക്ക് ചേക്കേറിയത്. ഉറു​ഗ്വേയൻ സ്ട്രൈക്കർ കൂടി എത്തിയതോടെ മെസ്സി-സുവാരസ്-നെയ്മർ ത്രയം രൂപപ്പെട്ടു. അന്നോളം ലോകഫുട്ബോളിൽ കണ്ടിട്ടില്ലാത്ത വലിയ ഒരു സൗഹൃദമാണ് അവിടെ ഉടലെടുത്തത്. ഫുട്ബോൾ ലോകത്ത് ഇവർ 'എംഎസ്എൻ (MSN)' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടു. പക്ഷേ 2017ൽ നെയ്മർ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് പോയി.

ബാഴ്സലോണയ്ക്ക് വേണ്ടി 778 മത്സരങ്ങൾ കളിച്ച മെസ്സി 672 ​ഗോളുകൾ നേടി. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരമാണ് ലയണൽ മെസ്സി. ഇതിൽ സുവാരസ്-മെസ്സി ദ്വയം മാത്രം അടിച്ചുകൂട്ടിയത് 478 ​ഗോളുകളാണ്. സുവാരസ് യു​ഗത്തിൽ മെസ്സി 280 ​ഗോളുകൾ നേടി. ബാഴ്സയ്ക്കായി 283 മത്സരങ്ങൾ കളിച്ച സുവാരസ് 198 ​ഗോളുകൾ അടിച്ചുകൂട്ടി. 345 മത്സരങ്ങളിൽ നിന്ന് 280 ​ഗോൾ നേടിയ ഇതിഹാസ താരം ലാസ്ലോ കുബാല മാത്രമാണ് ​കൂടുതൽ ​ഗോൾ നേട്ടത്തിൽ മെസ്സിക്കും സുവാരസിനും ഇടയിലുള്ളത്.


ഫുട്ബോൾ കോർട്ടിനും അപ്പുറം മെസ്സി-സുവാരസ് ബന്ധം ഉണ്ടായിരുന്നു. ഒഴിവ് സമയങ്ങൾ രണ്ടു പേരുടെയും കുടുംബം ഒന്നിച്ച് ആഘോഷിച്ചു. 2020ൽ അത്‌ലറ്റികോ ഡി മാഡ്രിഡിന്റെ ഓഫർ സുവാരസിനെ തേടിയെത്തി. സുവാരസിനെ വിട്ടുകൊടുക്കാൻ ബാഴ്സയും സമ്മതിച്ചതോടെ കളിക്കളത്തിന് അപ്പുറത്തേയ്ക്ക് വളർന്ന ആ സൗഹൃദം വഴിപിരിഞ്ഞു.

സുവാരസിന് പിന്നാലെ തൊട്ടടുത്ത വർഷം ലയണൽ മെസ്സിയും ബാഴ്സലോണ വിട്ടു. ക്ലബിൽ ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മെസ്സിയെ പോലും ബാഴ്സലോണ കൈവിടാൻ കാരണമായത്. ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ മെസ്സി-നെയ്മർ-എംബാപ്പെ ത്രയം രൂപപ്പെട്ടെങ്കിലും വിജയിച്ചില്ല. ഇപ്പോൾ ഇന്റർ മയാമിയിൽ മെസ്സിയും സുവാരസും ഒന്നിക്കുകയാണ്. ഒപ്പം സെർജിയോ ബുസ്കെറ്റ്സും ജോർഡി ആൽബയും ഉണ്ട്. കരിയറിൽ പൂർണത നേടിയ മിശിഹായ്ക്ക് ഇനിയും ഫുട്ബോളിനെ അനുഗ്രഹിക്കാൻ ഏറെയുണ്ടാവും.