28 June 2024 Friday

നോര്‍ത്ത് ഈസ്റ്റും കീഴടക്കി; അപരാജിത കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍

ckmnews


ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വമ്പന്‍ വിജയവുമായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സ്. സ്വന്തം കാണികള്‍ക്കുമുന്നില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റിന്റെ പരാജയം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് ലീഡ് കൈവിടുകയായിരുന്നു.

സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ നേടാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ കോന്‍സം ഫാല്‍ഗുനി സിങ്ങിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയത്. എന്നാല്‍ ആദ്യ ഗോള്‍ പിറന്ന് പത്ത് മിനിറ്റിന് ശേഷം മോഹന്‍ ബഗാന്‍ തിരിച്ചടിച്ചു. 14-ാം മിനിറ്റില്‍ ദീപക് ടാന്‍ഗ്രിയിലൂടെയാണ് മുന്‍ ഐഎസ്എല്‍ ചാമ്പ്യന്മാര്‍ സമനില കണ്ടെത്തിയത്. 28-ാം മിനിറ്റില്‍ ജേസണ്‍ കുമ്മിങ്‌സിലൂടെ മോഹന്‍ ബഗാന്‍ മുന്നിലെത്തിയതോടെ ആദ്യ പകുതി 1-2ന് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടോണ്ടോന്‍ബ സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത് ലീഡുയര്‍ത്താന്‍ ബഗാന് സാധിച്ചു. 71-ാം മിനിറ്റില്‍ സുഭാശിഷ് ബോസിലൂടെ മൂന്നാം ഗോള്‍ കണ്ടെത്തിയതോടെ മോഹന്‍ ബഗാന്‍ വിജയം പൂര്‍ത്തിയാക്കി. ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. ആറ് വിജയവും ഒരു സമനിലയുമാണ് മോഹന്‍ ബഗാന്റെ അക്കൗണ്ടിലുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയില്‍ ഏഴാമതാണ്.