28 June 2024 Friday

ധോണിക്ക് ആദരവ്; ഏഴാം നമ്പർ ജഴ്സി പിൻവലിച്ച് ബിസിസിഐ

ckmnews



ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയോടുള്ള ആദരവ് പ്രകടപ്പിച്ച് ബിസിസിഐ. കരിയറിൽ ധോണി ധരിച്ച ഏഴാം നമ്പർ ജഴ്സി ബിസിസിഐ പിൻവലിച്ചു. ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകൾ നൽകിയ നായകനുമാണ് മഹേന്ദ്ര സിം​ഗ് ധോണി. മുമ്പ് സച്ചിൻ തെണ്ടുൽക്കറുടെ 10-ാം നമ്പർ ജഴ്സിയും ആദര സൂചകമായി ബിസിസിഐ പിൻവലിച്ചിരുന്നു.

ഇന്ത്യൻ താരം ഷർദുൾ താക്കൂർ 10-ാം നമ്പർ ജഴ്സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനിതിരെ ശക്തമായ എതിർപ്പ് ഉയർന്നതോടെ 10-ാം നമ്പർ ജഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികൾ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി.

ഒരു താരം ഒരു വർഷത്തിലധികം ടീമിന് പുറത്തിരുന്നാലും അയാൾ തിരഞ്ഞെടുത്ത ജഴ്സി നമ്പർ നഷ്ടപ്പെടുകയില്ല. അതിനുവേണ്ടിയാണ് 60 വ്യത്യസ്ത നമ്പറുകൾ ഇന്ത്യൻ താരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതുതായി ടീമിലെത്തുന്ന ഒരു താരത്തിന് 30 ഓളം വ്യത്യസ്ത നമ്പറുകളിൽ നിന്ന് ജഴ്സി തിരഞ്ഞെടുക്കാനും നിലവിൽ സാധിക്കും.