28 June 2024 Friday

ചാംപ്യന്‍സ് ലീഗുമില്ല യൂറോപ്പയുമില്ല! മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനക്കാരായി പുറത്ത്; ബയേണിനോട് വീണ്ടും തോറ്റു

ckmnews


മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരുന്ന യുണൈറ്റഡ് ഒറ്റഗോളിന് ബയേണ്‍ മ്യൂണിക്കിനോട് തോറ്റു. എഴുപതാം മിനിറ്റില്‍ കിംഗ്‌സിലി കോമാനാണ് യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത ഗോള്‍ നേടിയത്. ആറ് കളിയില്‍ വെറും നാല് പോയിന്റുമായി യുണൈറ്റഡ് ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനത്തായപ്പോള്‍ അഞ്ച് കളിയും ജയിച്ച ബയേണ്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടറിലെത്തി. ഗലാറ്റസരേയെ ഒറ്റഗോളിന് തോല്‍പിച്ച് എട്ട് പോയിന്റോടെ കോപ്പന്‍ഹേഗന്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി.

സമ്പൂര്‍ണ ജയവുമായി റയല്‍ മാഡ്രിഡും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. റയല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് യുണിയന്‍ ബെര്‍ലിനെ തോല്‍പിച്ചു. ജൊസേലുവിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് റയലിന്റെ ജയം. 61, 72 മിനിറ്റുകളിലായിരുന്നു ജൊസേലുവിന്റെ ഗോളുകള്‍. ലൂക്ക മോഡ്രിച്ച് പെനാല്‍റ്റി പാഴാക്കിയെങ്കിലും കളിതീരാന്‍ ഒരുമിനിറ്റുള്ളപ്പോള്‍ ഡാനി സെബായോസ് റയലിന്റെ ജയമുറപ്പിച്ചു. വോളണ്ടും അലക്‌സ് ക്രാളുമാണ് യുണിയന്‍ ബെര്‍ലിന്റെ സ്‌കോറര്‍മാര്‍. 


എല്ലാ കളിയും ജയിച്ച റയല്‍ 18 പോയിന്റുമായി പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ആഴ്‌സലണിന് സമനില. പി എസ് വി ഓരോ ഗോളടിച്ചാണ് ആഴ്‌സണലിനെ സമനിലയില്‍ തളച്ചത്. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ എഡ്ഡി എന്‍കെതിയ ആഴ്‌സണലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പി എസ് വിയുടെ സമനില ഗോളെത്തി. യോര്‍ബെ വെര്‍ട്ടെസനായിരുന്നു സ്‌കോറര്‍. സമനിലയോടെ ആഴ്‌സണലിനൊപ്പം ലെന്‍സിനെ മറികടന്ന് പി എസ് വിയും പ്രീക്വാര്‍ട്ടറിലെത്തി.


ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണയും പി എസ് ജിയും ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും.