28 June 2024 Friday

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി 20 ഇന്ന്

ckmnews



സെന്‍റ് ജോർജ്സ് പാർക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി 20 ഇന്ന് നടക്കും. ദക്ഷിണാഫ്രിക്കയിലെ സെന്‍റ് ജോർജ്സ് പാർക്കില്‍ ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കാണ് കളി തുടങ്ങുക. ഡര്‍ബനിലെ ആദ്യ ടി20 മഴ കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചിരുന്നു

മഴപ്പേടിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും വീണ്ടും നേ‍ർക്കുനേർ വരികയാണ്. ഡർബനിൽ ഒറ്റപ്പന്തുപോലും ഏറിയാതെയാണ് ആദ്യ ട്വന്‍റി 20 ഉപേക്ഷിച്ചത്. സെന്‍റ് ജോർജ്സ് പാർക്കിലും ഏറക്കുറെ സമാന സാഹചര്യമാണെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. അടുത്ത വർഷത്തെ ട്വന്‍റി 20 ലോകകപ്പിന് മുൻപ് അഞ്ച് മത്സരം മാത്രം ബാക്കിയുള്ളതിനാൽ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും പരമ്പര ഒരുപോലെ നിർണായകം. രോഹിത് ശർമ്മയും വിരാട് കോലിയും ലോകകപ്പിൽ കളിക്കുമോയെന്ന് വ്യക്തതയില്ലാത്തതിനാൽ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യസശ്വി ജയ്സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും ഉൾപ്പെടെയുള്ള യുവതാരങ്ങൾ. ദീപക് ചഹാർ, മുകേഷ് കുമാർ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരാണ് ഇന്ന് ഇലവനിലെത്താൻ പരസ്‌പരം മത്സരിക്കുന്നത്. 


ദക്ഷിണാഫ്രിക്കയും കടന്നുപോകുന്നത് ഇന്ത്യയുടെ അതേ അവസ്ഥയിലൂടെയാണ്. ദക്ഷിണാഫ്രിക്ക ഇന്ന് രണ്ട് താരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകാൻ സാധ്യതയുണ്ട്. നൂറാം രാജ്യാന്തര ട്വന്‍റി 20യ്ക്ക് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലർ ഇറങ്ങുന്നു എന്ന സവിശേഷത മത്സരത്തിനുണ്ട്. 2015ന് ശേഷം ട്വന്‍റി 20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ തോൽപിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ അവസാനം കളിച്ച രണ്ട് ട്വന്‍റി 20 പരമ്പരയും ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.