28 June 2024 Friday

‘രോഹിതിനേക്കാൾ മികച്ച ഓപ്പണർ ലോകത്ത് ഇപ്പോൾ വേറെയില്ല, കളി അവസാനിപ്പിക്കരുത്’; അക്തർ

ckmnews



ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ ടീമിനും ആരാധകർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. തോൽവിയോടെ സമൂലമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത ഏകദിന ലോകകപ്പ് നടക്കുമ്പോഴേക്കും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 40 വയസ്സും വിരാട് കോലിക്ക് 39 വയസ്സും തികയും. 2027 വരെ ഇരുവരും ടീമിലുണ്ടാകുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

നാല് വർഷം കഴിഞ്ഞ് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നതിന് മുമ്പ്, ബോർഡിനും സെലക്ടർമാർക്കും ഉടനടി തീരുമാനമെടുക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. അടുത്ത വർഷം ജൂണിൽ ആരംഭിക്കുന്ന ടി20 ലോകകപ്പാണ് അതിൽ ഏറ്റവും പ്രധാനം. നിലവിൽ ഒരു മുഖ്യ പരിശീലകനോ ക്യാപ്റ്റനോ ഇന്ത്യക്കില്ല. കഴിഞ്ഞ 12 മാസമായി ഹാർദിക് പാണ്ഡ്യ ടി20യിൽ ഇന്ത്യയെ നയിക്കുന്നുണ്ടെങ്കിലും വരുന്ന ലോകകപ്പിലും അദ്ദേഹത്തിന് ചുമതല നൽകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.


മറ്റൊന്ന് രോഹിതിനെയും കോലിയെയും പരിഗണിക്കുമോ എന്നതാണ്? 2022ൽ ഓസ്‌ട്രേലിയയിൽ നടന്ന ലോകകപ്പിന്റെ അവസാന പതിപ്പിന് ശേഷം ഒരു ടി20 യിൽ പോലും ഡൈനാമിക് ജോഡികൾ കളിച്ചിട്ടില്ല. നാട്ടിൽ നടക്കാനിരുന്ന ഏകദിന ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നോ ഇത്? ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ടി20യിൽ ഇനി കളിക്കില്ലെന്നാണ് രോഹിതിന്റെ തീരുമാനം. കോലിയുടെ കാര്യം എന്താണെന്ന് അദ്ദേഹം ഒരു സൂചനയും നൽകിയിട്ടില്ല. രോഹിത് കളിച്ചില്ലെങ്കിൽ ഓപ്പണിംഗിലെ ആ വലിയ വിടവ് നികത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.


ഇതിനിടെയാണ് മുൻ പാകിസ്ഥാൻ ഇതിഹാസ പേസർ ഷൊയ്ബ് അക്തർ രംഗത്തുവന്നിരിക്കുന്നത്. രോഹിതിനേക്കാൾ മികച്ച ഓപ്പണർ ലോകത്ത് ഇപ്പോൾ വേറെയില്ല. രോഹിതും കോലിയും കളി അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ഇരുവർക്കും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്. തലമുറമാറ്റം സംഭവിച്ചാൽ ഇരുവർക്കും ആദരപൂർവം യാത്രയയപ്പ് നൽകേണ്ടത് ഹാർദിക്കിന്റെ(നായകനാണെങ്കിൽ) ഉത്തരവാദിത്തമാണ്. സച്ചിനെ ധോണി കൈകാര്യം ചെയ്ത പോലെ, പിന്നീട് കോലി ധോണിയെ കൈകാര്യം ചെയ്ത പോലെ, കോലിക്കും രോഹിത്തിനും ആദരവ് നൽകണമെന്നും അക്തർ ചൂണ്ടിക്കാട്ടി.