28 June 2024 Friday

ഇം​ഗ്ലണ്ടിന് രണ്ടാം ജയം; നെതർലൻഡ്‌സിനെ160 റൺസിന് പരാജയപ്പെടുത്തി

ckmnews



ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാർക്ക് രണ്ടാം ജയം. നെതർലൻഡ്‌സിനെ 160 റൺസിന് തകർത്താണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതർലൻഡ്‌സ് 37.2 ഓവറിൽ 179 റൺസിന് ഓൾ ഔട്ടായി. സെഞ്ചുറി നേടിയ ബെൻ സ്‌റ്റോക്‌സാണ് ടീമിന്റെ വിജയശിൽപ്പി.

41 റൺസെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് നെതർലൻഡ്‌സിന്റെ ടോപ് സ്‌കോറർ. 163 ന് ആറുവിക്കറ്റ് എന്ന സ്‌കോറിൽ നിന്ന് 179 റൺസിൽ ടീം ഓൾ ഔട്ടാകുകയായിരുന്നു. 16 റൺസിനിടെ അവസാന നാലുവിക്കറ്റുകളാണ് ഇം​ഗ്ലണ്ട് ബൗളേഴ്സ് എറിഞ്ഞിട്ടത്. ഇംഗ്ലണ്ടിനായി മോയിൻ അലിയും ആദിൽ റഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഡേവിഡ് വില്ലി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്‌സ് ഒരുവിക്കറ്റും വീഴ്ത്തി.


ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. തകർപ്പൻ സെഞ്ചുറി നേടിയ സൂപ്പർ താരം ബെൻ സ്റ്റോക്‌സിന്റെയും അർധസെഞ്ചുറി നേടിയ ഡേവിഡ് മലാന്റെയും ക്രിസ് വോക്‌സിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 84 പന്തിൽ ആറ് വീതം ഫോറും സിക്‌സും നേടി 108 റൺസെടുത്താണ് സ്‌റ്റോക്‌സ് ക്രീസ് വിട്ടത്.