28 June 2024 Friday

2034 ഫിഫ ലോകകപ്പിൽ ആതിഥ്യത്തിൽ നിന്നും ഓസ്ട്രേലിയ പിന്മാറി; സൗദി അറേബ്യ വേദിയായേക്കും

ckmnews


2034 ഫിഫ ലോകകപ്പിന്റെ മത്സരപോരാട്ടങ്ങൾക്ക് സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയുടെ ഊഴം വന്നത്. ആതിഥ്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങൾ മത്സരരംഗത്തി​ല്ലെന്ന് ഓസ്ട്രേലിയ സ്ഥിരീകരിച്ചത്.

ഏഷ്യ, ഓഷ്യാനിയ മേഖലയിൽനിന്ന് ടൂർണ​മെന്റ് നടത്തിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഫിഫ നിശ്ചയിച്ചിരുന്ന അവസാന തീയതി ഒക്ടോബർ 31ന് ആയിരുന്നു. അതേസമയം ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ഓസ്ട്രേലിയയുമായിരുന്നു. 2034 ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള സാധ്യതകൾ തങ്ങൾ സജീവമായി പരിഗണിച്ചിരുന്നുവെന്നും എന്നാൽ, അതിനുപകരം 2026ലെ ഏഷ്യൻ വനിതാ കപ്പ്, 2029ലെ ക്ലബ് ലോകകപ്പ് എന്നിവക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫുട്ബാൾ ഓസ്ട്രേലിയ (എഫ്.എ) മേധാവി ജെയിംസ് ജോൺസൺ വ്യക്തമാക്കി. ഇതോടെ നിലവിൽ സൗദി മാത്രമാണ് മത്സരരംഗത്തുള്ളത്.

സൗദിയുടെ ആതിഥ്യശ്രമങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്ന് ഓസ്ട്രേലിയ കൂടി ഉൾപ്പെടുന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) വ്യക്തമാക്കി. അതേസമയം ആസ്ട്രേലിയയുമൊത്ത് സംയുക്തമായി ​ലോകകപ്പിന് വേദിയൊരുക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്തിരുന്നുവെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയിരുന്നു. മലേഷ്യയെയും സിംഗപ്പൂരിനെയും ഒപ്പം കൂട്ടി ചതുർരാഷ്ട്ര ടൂർണ​മെന്റ് എന്നതായിരുന്നു ഇന്തോനേഷ്യയുടെ ഉന്നം. എന്നാൽ, പിന്നീട് സൗദി അറേബ്യയുടെ ആതിഥ്യശ്രമങ്ങളെ തങ്ങൾ സർവാത്മനാ പിന്തുണക്കുന്നുവെന്ന് വെളി​പ്പെടുത്തി ഇന്തോനേഷ്യ രംഗത്തുവരുകയായിരുന്നു.


ലോകകപ്പ് ഖത്തർ 2022നടന്നതിന് പിന്നാലെയാണ് ഗൾഫ് മേഖലയിലെ മറ്റൊരു രാജ്യത്തിനുകൂടി ഇത്തരമൊരു അവസരം ഒരുങ്ങുന്നത്. ഓസ്ട്രേലിയ ഈ വർഷം വനിതാ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചിരുന്നു.