28 June 2024 Friday

ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം; നെതര്‍ലന്‍ഡ്‌സ് ഏറ്റുവാങ്ങിയത് 309 റണ്‍സിന്റെ തോൽവി

ckmnews


ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നെതര്‍ലന്‍ഡ്‌സിന് എതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ ജയം. 309 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് നെതര്‍ലന്‍ഡ്‌സ് ഏറ്റുവാങ്ങിയത്. 400 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 21 ഓവറില്‍ 90 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. ആഡം സാംപയാണ് നാല് വിക്കറ്റ് പിഴുത് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് നേടി. നെതര്‍ലന്‍ഡ്‌സിന്റെ ഒരു താരത്തിന് പോലും 30 റണ്‍സില്‍ കൂടുതല്‍ നേടാനായില്ല. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.


ആദ്യ ബാറ്റിങ്ങിനെത്തിയ ഓസീസിനെ ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ സ്‌കോറിലെച്ചിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരും തിളങ്ങി. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയാണ് ഗ്ലെൻ മാക്സ്‌വെൽ കുറിച്ചത്. 40 പന്തിലായിരുന്നു അദ്ദേഹം സെഞ്ച്വറിയിലെത്തിയത്. ഈ ലോകകപ്പിൽ തന്നെ ഐഡൻ മക്രം നേടിയ 49 പന്തിലെ സെഞ്ച്വറിയുടെ റെക്കോർഡാണ് മാക്സ്‌വെൽ മറികടന്നത്. 44 പന്തിൽ എട്ട് സിക്സും ഒമ്പത് ഫോറും നേടിയാണ് മാക്‌സ്‌വെൽ 106 റൺസെടുത്തത്.


ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് മാക്സ്‌വെല്ലിന്റെ ഇന്നത്തെ ബാറ്റിംഗ് പ്രകടനം. സൗത്ത് ആഫ്രിക്കയുടെ ഡിവില്ലിയേഴ്സ് നേടിയ 31 പന്തിലെ സെഞ്ച്വറിയാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറി. മാക്‌സ്‌വെല്ലാണ് അവസാന ഓവറുകളിൽ ആഞ്ഞടിച്ചത്. അതാണ് ആസ്ട്രേലിക്ക് മികച്ച സ്കോർ സമ്മാനിച്ചതും.


ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലേ മിച്ചൽ മാർഷിനെ (9) നഷ്ടമായെങ്കിലും പിന്നീട് വാർണറും (104) സ്റ്റീവ് സ്മിത്തും (71) ചേർന്നുള്ള കൂട്ടുകെട്ട് മികച്ച അടിത്തറ നൽകി. 62 റൺസെടുത്ത മാർനസ് ലബുഷെയ്നും തിളങ്ങി. അവസാന ഓവറുകളിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ കൂറ്റനടി സ്കോറിങ് വേഗത്തിലാക്കി. നെതർലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്ക് നാലും ബാസ് ഡി ലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി.