28 June 2024 Friday

അഫ്ഗാനെതിരെ വമ്പൻ ജയം നേടിയിട്ടും ഇന്ത്യക്ക് ഒന്നാം സ്ഥാനമില്ല, പോയന്‍റ് ടേബിളിൽ ഒന്നാം സ്ഥാനം കൈവിടാതെ കിവീസ്

ckmnews


ദില്ലി: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഒഴികെയുള്ള എട്ട് ടീമുകളും രണ്ട് മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ പോയന്‍റ് ടേബിളില്‍ ന്യൂസിലന്‍ഡ് തന്നെ ഒന്നാമത്. രണ്ട് കളികളില്‍ രണ്ട് ജയവും നാലു പോന്‍റുമുള്ള കിവീസ് മികച്ച നെറ്റ് റണ്‍റേറ്റിലാണ്(+1.958) ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ട് കളികളില്‍ നാലു പോയന്‍റും+1.500 നെറ്റ് റണ്‍ റേറ്റുമുള്ള ഇന്ത്യയാണ് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.


കളിച്ച രണ്ട് കളിയും ജയിച്ച പാകിസ്ഥാന്‍ നാലു പോയന്‍റും +0.927 നെറ്റ് റണ്‍റേറ്റുമായി മൂന്നാം സ്ഥാനത്താണ്. ഒരു മത്സരം മാത്രം കളിക്കുകയും വമ്പന്‍ ജയം നേടുകയും ചെയ്ത ദക്ഷിണാഫ്രിക്ക രണ്ട് പോയന്‍റും +2.040 നെറ്റ് റണ്‍ റേറ്റുമായി നാലാം സ്ഥാനത്തുണ്ട്. ഇന്ന് ഓസ്ട്രേലിയക്കെതിരെ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് ഒന്നാം സ്ഥാനത്തെത്താനും അവസരമുണ്ട്.


രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഓരു തോല്‍വിയുമുള്ള ഇംഗ്ലണ്ട് രണ്ട് പോയന്‍റും+0.553 നെറ്റ് റണ്‍ റേറ്റുമായി അഞ്ചാമതാണ്. രണ്ട് മത്സരങ്ങളില്‍ ഒരു ജയം നേടിയ ബംഗ്ലാദേശിന് -0.653 നെറ്റ് റണ്‍റേറ്റാണെങ്കിലും ഓസ്ട്രേലിയക്ക് മുന്നില്‍ ആറാം സ്ഥാനത്തുണ്ട്. ആദ്യ കളിയില‍ ഇന്ത്യയോട് തോറ്റ ഓസ്ട്രേലിയ ആകട്ടെ -0.883 നെറ്റ് റണ്‍റേറ്റുമായി ഏഴാമതാണ്.


കളിച്ച രണ്ട് കളികളും തോറ്റ ശ്രീലങ്ക(-1.161), നെതര്‍ലന്‍ഡ്സ്(-1.800), അഫ്ഗാനിസ്ഥാന്‍(-1.907) ടീമുകളാണ് എട്ടു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയ ജയിച്ചാല്‍ ഇന്ത്യയുടെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടില്ല. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ ഒന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് അവസരമുണ്ട്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരെ വമ്പന്‍ ജയം നേടിയിരുന്നു.