28 June 2024 Friday

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഈഡൻ ഹസാർഡ്

ckmnews



പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൽജിയം ഇതിഹാസം ഈഡൻ ഹസാർഡ്. രാജ്യാന്തര, ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്ന് വിരമിക്കുന്നതായി മുൻ ചെൽസി, റിയൽ മാഡ്രിഡ് ഫോർവേഡ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് 32 കാരനായ താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.

‘നിങ്ങളുടെ ഉള്ളിൽ നിന്നുള്ള ശബ്ദത്തെ കേൾക്കുകയും ശരിയായ സമയത്ത് എല്ലാം അവസാനിപ്പിക്കുകയും വേണം. 16 വർഷത്തിനും 700-ലധികം മത്സരങ്ങൾക്കും ശേഷം, ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എനിക്ക് കഴിഞ്ഞു. ലോകമെമ്പാടുമുള്ള പിച്ചുകളിൽ കളിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. കരിയറിൽ മികച്ച മാനേജർമാരെയും പരിശീലകരെയും ടീമംഗങ്ങളെയും കണ്ടുമുട്ടി, എല്ലാവർക്കും നന്ദി.. എല്ലാവരെയും മിസ്സ് ചെയ്യും’ – ഈഡൻ ഹസാർഡ് കുറിച്ചു.

ഫുട്ബോൾ കളത്തിലെ എക്കാലത്തെയും മികച്ച ഡ്രിബ്ലർമാരിൽ ഒരാളാണ് ഹസാർഡ്. ചെൽസിയിൽ നിന്നുള്ള ഹസാർഡിൻ്റെ ചുവടുമാറ്റം വലിയ ആവേശത്തോടെയാണ് റയൽ ആരാധകർ സ്വീകരിച്ചത്. 2019 ൽ ചെൽസിയിൽ നിന്ന് 89 മില്യൺ പൗണ്ടിനാണ് ഹസാർഡ് റയലിലെത്തിയത്. എന്നാൽ സ്പാനിഷ് വമ്പന്മാർക്ക് വേണ്ടി 54 ലീഗ് മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. കണങ്കാലിനേറ്റ പരിക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. പിന്നീട് ഈ പരിക്ക് ഒരിക്കലും ഭേദമായില്ല. എങ്കിലും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ 352 മത്സരങ്ങളിൽ നിന്ന് അദ്ദേഹം 110 ഗോളുകൾ നേടി.