28 June 2024 Friday

ഐ എസ് എലിൽ ഗോവക്ക് വിജയതുടക്കം

ckmnews


ഐഎസ്എല്ലിന്റെ പത്താം സീസണില്‍ കരുത്തരായ എഫ്‌സി ഗോവയ്ക്കു വിജയത്തുടക്കം. ഹോംഗ്രൗണ്ടില്‍ നടന്ന സീസണിലെ ആദ്യ മല്‍സരത്തില്‍ പഞ്ചാബ് എഫ്‌സിയെയാണ് ഗോവ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോവന്‍ വിജയം. 17ാം മിനിറ്റില്‍ കാര്‍ലോസ് മാര്‍ട്ടിനസിന്റെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച വിജയഗോള്‍. ഇത്തവണത്തെ ഐഎസ്എല്ലില്‍ അരങ്ങേറിയ പഞ്ചാബിനു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് പരാജയം നേരിട്ടിരിക്കുന്നത്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച തുടക്കമായിരുന്നു ഗോവയുടേത്. പന്തടക്കത്തില്‍ അവര്‍ ആധിപത്യം പുലര്‍ത്തുന്നതാണ് ആദ്യ മിനിറ്റുകളില്‍ കണ്ടത്. ഏഴാം മിനിറ്റില്‍ തന്നെ ഗോവ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. പക്ഷെ നല്ലൊരു അവസരം അവര്‍ പാഴാക്കുകയായിരുന്നു. കാര്‍ലോസ് മാര്‍ട്ടിനസ് ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ പാസ് നോവ സദോയ്ക്ക്. ബോക്‌സിന്റെ വലതു ഭാഗത്തു നിന്നും നിന്നും ഒരു വലം കാല്‍ ഷോട്ടാണ് താരം പരീക്ഷിച്ചത്. പക്ഷെ അതു ലക്ഷ്യം കാണാതെ പുറത്തുപോവുകയായിരുന്നു.

തുടര്‍ന്നും ഗോവ തന്നെ കളി നിയന്ത്രിച്ചു. മറുഭാഗത്ത് പഞ്ചാബിനു പലപ്പോഴും മിസ് പാസുകള്‍ സംഭവിച്ചത് ഗോവയ്ക്കു കാര്യങ്ങള്‍ എളുപ്പമാക്കി. 17ാം മിനിറ്റില്‍ കാര്‍ലോസ് മാര്‍ട്ടിനസിലൂടെ ഗോവ അര്‍ഹിച്ച ലീഡും കൈക്കലാക്കി. റെയ്‌നിയര്‍ ഫെര്‍ണാണ്ടസായിരുന്നു ഗോളിനു ചരടുവലിച്ചത്.


റെയ്‌നിയര്‍ നല്‍കിയ ത്രൂബോളുമായി ഇടതു വിങിലൂടെ ബോക്‌സിലേക്കു കയറിയ മാര്‍ട്ടിനസ് വലംകാല്‍ ഷോട്ടിലൂടെ വലയിലേക്കു നിറയൊഴിക്കുകയായിരുന്നു. ഗോളി ഡൈവ് ചെയ്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ബോളിന്റെ വേഗത ഗോളിയെ നിസ്സഹായനാക്കുകയായിരുന്നു.23ാം മിനിറ്റില്‍ ഗോവയ്ക്കു ലീഡുയര്‍ത്താനുള്ള നല്ലൊരു അവസരം. നോവ സദോയ്ക്കായിരുന്നു ഈ അവസരം കിട്ടിയത്. ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്നും ഒരു ഇടംകാല്‍ ഷോട്ടായിരുന്നു സദോയ് തൊടുത്തത്. പക്ഷെ അതു ഗോളിക്കു ഭീഷണി സൃഷ്ടിക്കാതെ മൂളിപ്പറന്ന് പുറത്തേക്കു പോവുകയായിരുന്നു. നാലു മിനിറ്റിനകം ഗോവയുടെ മറ്റൊരു ഗോള്‍ ശ്രമം കൂടി പാഴായി. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ ബോക്‌സിനുള്ളില്‍ നിന്നും മാര്‍ട്ടിനസിന്റെ ഹെഡ്ഡര്‍ ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നു.

36ാം മിനിറ്റില്‍ പഞ്ചാബിന്റെ ആദ്യത്തെ ഗോള്‍ ശ്രമം. സെറ്റ് പീസ് സാഹചര്യത്തിനൊടുവില്‍ ബോക്‌സിനു പുറത്തു നിന്നും പഞ്ചാബ് താരം യുവാന്‍ മെറ ഒരു ഇടംകാല്‍ ഷോട്ടായിരുന്നു ഗോളിലേക്കു തൊടുത്തത്. പക്ഷെ അതു വളരെ ഉയരത്തില്‍ പുറത്തേക്കു പോവുകയായിരുന്നു.

രണ്ടാംപകുതിയില്‍ ഗോവ ആധിപത്യം തുടര്‍ന്നെങ്കിലും അവസാന അര മണിക്കൂറില്‍ പഞ്ചാബ് സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചു. പക്ഷെ ഇവയൊന്നും ലക്ഷ്യം കണ്ടില്ല. പകരക്കാരനായി മലയാളി താരം പി പ്രശാന്തിനെ ഇറക്കിയതിനു ശേഷമാണ് പഞ്ചാബിന്റെ മുന്നേറ്റങ്ങള്‍ക്കു കൂടുതല്‍ വേഗത കൈവന്നത്. 65ാം മിനിറ്റില്‍ ലൂക്കാ മെയ്‌സനിലൂടെ പഞ്ചാബ് ഗോവന്‍ വലയില്‍ പന്തെത്തിച്ചിരുന്നെങ്കിലും റഫറി അതു ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.