28 June 2024 Friday

'ട്രാൻസ്‌ജെൻഡറിനോട് മത്സരിച്ചാണ് വെങ്കലം നഷ്ടമായത്; മെഡല്‍ തിരിച്ചെടുക്കണം'; ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം

ckmnews


ഏഷ്യൻ ഗെയിംസിൽ വനിതാ ഹെപ്റ്റാത്തലണില്‍ ഇന്ത്യക്കായി മെഡൽ നേടിയ താരത്തെ അധിക്ഷേപിച്ച് സഹതാരം. മെഡൽ ജേതാവായ നന്ദിനി അഗസാരയെ ട്രാൻസ്‌ജെൻഡർ എന്ന് വിളിച്ച് സഹതാരം സ്വപ്‌ന ബർമൻ അധിക്ഷേപിക്കുകയായിരുന്നു. ഈ ഇനത്തിൽ നന്ദിനി അഗസാരയാണ് വെങ്കലം നേടിയത്. സ്വപ്ന ഭർമ്മന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിരുന്നുളളു. ഇതിന് പിന്നാലെയാണ് താരത്തെ അധിക്ഷേപിച്ച് രംഗത്ത് എത്തിയത്.

ഒരു ട്രാൻസ്‌ജെൻഡറിനോട് മത്സരിച്ചാണ് തനിക്ക് വെങ്കല മെഡല്‍ നഷ്ടമായതെന്നും അത്‌ലറ്റിക്‌സിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്നും എന്നെ പിന്തുണയ്ക്കണമെന്നും സ്വപ്ന ബര്‍മന്‍ എക്സില്‍(മുമ്പ് ട്വിറ്റര്‍) കുറിച്ചു. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

ജക്കാർത്തയിൽ സ്വർണം നേടിയെങ്കിലും ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഹെപ്റ്റാത്തലണിൽ ബംഗാളി താരത്തിന് വെറുംകൈയോടെയാണ് മടങ്ങേണ്ടി വന്നത്. ഏഷ്യൻ ഗെയിംസിൽ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്‌ന ബർമന് മെഡൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി സ്വപ്‌ന രംഗത്തെത്തിയത്. വെങ്കലം നേടിയ ടീമംഗം നിയമങ്ങൾ ലംഘിച്ചുവെന്നും താരം ആരോപിച്ചു.