28 June 2024 Friday

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ തളച്ച് ഒഡീഷ

ckmnews


ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ തളച്ച് ഒഡീഷ എഫ്‌സി. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ജെറി മാവിമിംഗ്താങ, റോയ് കൃഷ്ണ എന്നിവരാണ് ഒഡീഷയുടെ ഗോളുകള്‍ നേടിയത്. ററോസ്റ്റില്‍ ഗ്രിഫിത്സ്, ജോര്‍ഗെ പെരേര ഡയസ് എന്നിവരാണ് മുംബൈക്ക് വേണ്ടി ഗോള്‍ മടക്കിയത്. ഇരു ടീമുകളുടേയും രണ്ടാം മത്സമായിരുന്നിത്. ഒഡീഷ രണ്ട് ജയം സ്വന്തമാക്കി. മുംബൈയുടെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതി സമനിലയില്‍ അവസാനിക്കുമെന്നിരിക്കെയാണ് ജെറി ഒഡീഷയുടെ ഗോള്‍ നേടുന്നത്. ആദ്യപാതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ജെറിയുടെ ഗോള്‍. എന്നാല്‍ രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റുകള്‍ക്കകം മുംബൈ തിരിച്ചടിച്ചു. മുംബൈയുടെ സ്‌കോട്ടിഷ് താരം ഗ്രേഗ് സ്റ്റിവാര്‍ട്ട് നല്‍കിയ പാസ് സ്വീകരിച്ച് ഗ്രിഫിത് ഗോള്‍ നേടി. എന്നാല്‍ വിജയത്തിന് വേണ്ടി പൊരുതിയ ഒഡീഷയ്ക്ക് അതിനുള്ള ഫലവും ലഭിച്ചു. 76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മുന്‍ മോഹന്‍ ബഗാന്‍ താരം റോയ് കൃഷ്ണ ലീഡ് സമ്മാനിച്ചു. എന്നാല്‍ 12 മിനിറ്റുകള്‍ക്ക് ശേഷം മുംബൈ സമനില പിടിച്ചു. വിക്രം പ്രതാപ് സിംഗിന്റെ പാസ് സ്വീകരിച്ച് മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജോര്‍ഗെ പെരേര ഡയസ് സമനില ഗോള്‍ നേടി. 


രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് വീതമാണ് ഇരുവര്‍ക്കുമുള്ളത്. എന്നാല്‍ ഗോള്‍ ശരാശരി നോക്കുമ്പോള്‍ ഒഡീഡഷാണ് മുന്നില്‍. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഒഡീഷ. മുംബൈ മൂന്നാമതും. രണ്ട് മത്സരങ്ങളും ജയിച്ച മോഹന്‍ ബഗാനാണ് ഒന്നാമത്. ആദ്യ മത്സരം ജയിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാമതാണ്. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.