28 June 2024 Friday

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍: സൗദി അറേബ്യയോട് രണ്ട് ഗോളിന് തോറ്റ് ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ckmnews


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഫുടബോൡ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ഇന്ത്യ പുറത്താകുന്നത്. മുഹമ്മദ് ഖലീല്‍ മറന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിക്ക് വിജയമൊരുക്കിയത്. ഹാങ്ചൗൗവിലെ ഹുവാങ്‌ലോങ് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതില്‍ സൗദിയെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ 52, 58 മിനിറ്റില്‍ മറന്‍ നേടിയ ഗോളുകള്‍ സൗദിക്ക് ജയമൊരുക്കി.

പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നാല്‍ പകുതിയില്‍ മനോഹരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്കായിരുന്നു. സൗദിയെ ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തിയതും ഈ പ്രതിരോധം തന്നെയായിരുന്നു. നിരവധി തവണ സൗദി മുന്നേറ്റം ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനെ പരീക്ഷിച്ചു. ഗോളാവാതിരുന്നത് ഇന്ത്യയുടെ ഭാഗ്യം കൊണ്ട് മാത്രമെന്ന് പറഞ്ഞാല്‍ മതിയാവും. എന്നാല്‍ 52-ാം മിനിറ്റില്‍ ഇന്ത്യ വലയില്‍ പന്തെത്തി.

മറന്‍ ഹെഡ്ഡറിലൂടെയാണ് ഗോള്‍ നേടിയത്. മുഹമ്മദ് അല്‍ ഷമാദ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ മറന്‍ തലവച്ച് വല കുലുക്കി. സൗദി ലീഗില്‍ അല്‍ നസ്‌റിന്റെ താരമായ മറന്‍ എട്ട് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഗോളുമായെത്തി. പന്തുമായി ബോക്‌സിലേക്ക് കടന്ന മറന്‍ ധീരജിനേയും കബളിപ്പിച്ച് പന്ത് ഗോള്‍വര കടത്തി. അല്‍ നസ്‌റിനൊപ്പം കളിക്കുകയും ഗോള്‍ നേടുകയും ചെയ്തിട്ടുള്ള താരമാണ് മറന്‍. അല്‍ നസ്‌റില്‍ നിന്ന് സൗദിക്ക് വേണ്ടി കളിക്കുന്ന ഏകതാരവും മറന്‍ തന്നെ

ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം റാങ്കിലും ഫിഫ ലോക റാങ്കിംഗില്‍ 57-ാമതുമാണ് സൗദി. ഇന്ത്യയാകട്ടെ ഏഷ്യയില്‍ 18-ാം സ്ഥാനത്തും ലോക റാങ്കിംഗില്‍ 102-ാം സ്ഥാനത്തും നില്‍ക്കുന്നു.