28 June 2024 Friday

മെസിയുടെ അര്‍ജന്‍റീനയെ അട്ടിമറിച്ച സൗദിക്കെതിരെ ഇന്ത്യ ഇന്നിറങ്ങും

ckmnews


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് ഇന്ന് വമ്പന്‍ പോരാട്ടം. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏഷ്യന്‍ ഫുട്ബോളിലെ കരുത്തന്‍മാരായ സൗദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് ഹാങ്ചൗൗവിലെ ഹുവാങ്ലോങ് സ്പോര്‍ട്സ് സെന്‍റര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ സോണി ലിവിലും മത്സരം കാണാനാവും.

ഏഷ്യയില്‍ പോലും ഇന്ത്യയും സൗദിയും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം റാങ്കിലും ഫിഫ ലോക റാങ്കിംഗില്‍ 57-ാമതുമാണ് സൗദി. ഇന്ത്യയാകട്ടെ ഏഷ്യയില്‍ 18-ാം സ്ഥാനത്തും ലോക റാങ്കിംഗില്‍ 102-ാം സ്ഥാനത്തും നില്‍ക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ 18 ഗോളുകളാണ് സൗദി എതിരാളികളുടെ വലയിലെത്തിച്ചതെങ്കില്‍ ഇന്ത്യക്ക് അടിക്കാനായത് രണ്ട് ഗോള്‍ മാത്രമാണ്.


തന്‍റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് സൗദിയുമായുള്ള പോരാട്ടമെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പറഞ്ഞു.ടീമിലെ ആര്‍ക്കും പരിക്കില്ലെങ്കിലും ചില കളിക്കാര്‍ക്ക് ജലദോഷവും വയറിന് അസ്വസ്ഥതയും ഉണ്ടെന്നും സ്റ്റിമാക്ക് വ്യക്തമാക്കി. 1982ലെ ദില്ലി ഏഷ്യന്‍ ഗെയിംസില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇതിന് മുമ്പ് ഇന്ത്യയും സൗദിയും ഏറ്റുമുട്ടിയത്. അന്ന് സൗദി ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.

സൗദിക്കെതിരെ ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് എന്തായാലും ഈ ടീമിന് ചില അത്ഭുതങ്ങള്‍ പുറത്തെടുക്കാനവുമെന്ന് സ്റ്റിമാക്ക് വ്യക്തമാക്കി.ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയോട് ഒന്നിനെതിരെ അഞ്ച് ഗോളിന് തോറ്റ ഇന്ത്യ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി. മ്യാന്‍മറുമായി സമനില(1-1) പിടിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച സൗദി അറേബ്യ പിന്നീട് ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളെ സൗദി പ്രൊ ലീഗിലെത്തിച്ചും കരുത്തു കാട്ടിയിരുന്നു.