28 June 2024 Friday

ലാസ്റ്റ് ലാപ് പരീക്ഷണം: ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്

ckmnews


മൊഹാലി ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആർ.അശ്വിൻ ഇടംപിടിക്കുമോ? സൂര്യകുമാർ യാദവിനു സ്ഥാനം നഷ്ടപ്പെടുമോ? വൈൽഡ് കാർഡ് എൻട്രിയായി പുതിയൊരു താരം ലോകകപ്പ് ടീമിലേക്കെത്തുമോ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഇന്നാരംഭിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ 3 മത്സര ഏകദിന പരമ്പര നൽകും.


ഈ മാസം 27നാണ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. അതിനാൽ ഓസ്ട്രേലിയൻ പരമ്പരയിലെ പ്രകടനം താരങ്ങൾക്കു നിർണായകമാണ്. മൊഹാലിയിൽ ഇന്നു നടക്കുന്ന ഒന്നാം ഏകദിനത്തിൽ കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ടീം ഇറങ്ങുക. മറുവശത്ത് ലോകകപ്പിനുള്ള അതേ ടീമുമായാണ് ഓസ്ട്രേലിയ വരുന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതൽ സ്പോർട്സ് 18 ചാനലിൽ തത്സമയം.

ഏകദിന ലോകകപ്പിനു മുൻപ് ടീമിന്റെ ബലവും ബലഹീനതയും പരീക്ഷിക്കാനുള്ള അവസാന അവസരമാണ് ടീം ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ പരമ്പര. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ആദ്യ 2 മത്സരങ്ങളിലും ടീം ഇറങ്ങുക. മധ്യനിരയിൽ സ്ഥാനം ഉറപ്പിക്കാൻ സൂര്യകുമാർ യാദവിനുള്ള അവസാന അവസരമാണ് ഈ പരമ്പര. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ശ്രേയസ് അയ്യർ ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കും. ടീമിൽ തിരിച്ചെത്തിയ ആർ.അശ്വിന് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പരമ്പരയിൽ മികവു തെളിയിച്ചേ മതിയാകൂ. അക്ഷർ പട്ടേലിനു പരുക്കേറ്റ സാഹചര്യത്തിൽ ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദറിനും പരമ്പരയിലെ പ്രകടനം നിർണായകമാണ്.

പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തി, ലോകകപ്പിനുള്ള അതേ ടീമുമായാണ് ഓസ്ട്രേലിയ എത്തിയത്. ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ക്യാപ്റ്റൻ പാറ്റ് കമിൻസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമിൻസ് പരമ്പരയിലെ 3 മത്സരവും കളിച്ചേക്കും. പരുക്കേറ്റ ട്രാവിസ് ഹെഡിനു പകരം മാർനസ് ലബുഷെയ്ൻ ടീമിലെത്തി. ലോകകപ്പ് ടീമിൽ നിന്നു തഴയപ്പെട്ട ലബുഷെയ്ന് ടീമിലേക്കു തിരിച്ചെത്താനുള്ള അവസരം കൂടിയാണ് ഈ പരമ്പര. പേസർ മിച്ചൽ സ്റ്റാർക്, ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല.