28 June 2024 Friday

ഐഎസ്എൽ പത്താം സീസണ് നാളെ കൊച്ചിയിൽ തുടക്കം

ckmnews


ഐഎസ്എൽ പത്താം സീസണ് നാളെ കൊച്ചിയിൽ തുടക്കം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ് സിയെ നേരിടും. ഇക്കുറി ബ്ലാസ്റ്റേഴ്സ് കിരീടം ഉയർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഐ ലീഗ് ചാമ്പ്യന്മാരായി പ്രമോഷൻ ലഭിച്ച പഞ്ചാബ് എഫ് സി ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ കളിക്കുക. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്.

കളത്തിലെ റൈവലായ ബെംഗളൂരു എഫ്സിയെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ സീസണിലെ ടീമിൽ നിന്ന് സാരമായ അഴിച്ചുപണികളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറങ്ങുന്നത്. കരിയർ ആരംഭിച്ചപ്പോൾ മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന, നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഹൽ അബ്ദുൽ സമദിൻ്റെ അഭാവമാണ് ഇതിൽ ഏറെ ശ്രദ്ധേയം. 2020 മുതൽ കഴിഞ്ഞ സീസൺ വരെ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ പോസ്റ്റിനു കീഴിൽ ഉറച്ചുനിന്ന പ്രഭ്സുഖൻ ഗിൽ, പ്രതിരോധ താരങ്ങളായ വിക്ടർ മോംഗിൽ, ഹർമൻജോത് ഖബ്ര, നിഷു കുമാർ, ജെസൽ കാർനീറോ എന്നിവരും ക്ലബ് വിട്ടു. നിഷു വായ്പാടിസ്ഥാനത്തിലാണ് കൂടുമാറിയത്. മുന്നേറ്റ താരമായ അപ്പോസ്തലോസ് ജിയാന്നുവും ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു.

പിന്നീട് ബെംഗളൂരു എഫ്സി പ്രതിരോധ താരമായിരുന്ന പ്രബീർ ദാസ്, എഫ്സി ഗോവയുടെ പ്രതിരോധ താരമായിരുന്ന ഐബൻഭ ഡോലിങ്, രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ പ്രിതം കോട്ടാൽ തുടങ്ങി മിലോസ് ഡ്രിൻസിച്, ഹുയ്ദ്രോം സിംഗ് എന്നിങ്ങനെ ശ്രദ്ധേയ താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു.


മധ്യനിരയിൽ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ എന്നിവരെ ഫസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന് സഹലിനു പകരക്കാരനായോ എന്നതിൽ വ്യക്തതയില്ലെങ്കിലും ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ജീക്സൺ സിംഗ്, വിബിൻ മോഹനൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുണ്ട്. പഞ്ചാബ് എഫ്സി താരമായിരുന്ന ഫ്രെഡ്ഡിയെയും ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തിച്ചു.


മുന്നേറ്റത്തിൽ ഓസ്ട്രേലിയൻ ലീഗിൽ നിന്ന് ആദ്യം ടീമിലെത്തിച്ച ജോഷ്വ സൊറ്റിരിയോ പരിശീലനത്തിനിടെ പരുക്കേറ്റ് പുറത്തായെങ്കിലും പകരം വന്ന ജപ്പാൻ താരം ദൈസുകെ സായ്കായ്, ഘാന താരം ക്വാമെ പെപ്ര, സൂപ്പർ സബ് ഇഷാൻ പണ്ഡിറ്റ തുടങ്ങി കരുത്തുറ്റ താരങ്ങളെ സ്വന്തമാക്കാൻ ടീമിനു സാധിച്ചു. ഇവർക്കൊപ്പം രാഹുൽ കെപി, ദിമിത്രിയോസ് ഡയമൻ്റക്കോസ് തുടങ്ങിയവർ കൂടി ചേരുമ്പോൾ മുന്നേറ്റം കരുത്തുറ്റതാണ്. യുഎഇയിൽ നടന്ന പ്രീസീസൺ പര്യടനത്തിൽ പുതുതായി എത്തിയ താരങ്ങൾ ഒത്തിണക്കം കാണിച്ചത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.


ഗോൾ പോസ്റ്റിൽ ഗില്ലിനു പകരക്കാരനാവാൻ സച്ചിൻ സുരേഷിനു കഴിയുമോ എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം. അതിനു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സ് ഇത്തവണ മികച്ചുനിൽക്കും.