28 June 2024 Friday

ഏഷ്യാ കപ്പ്; അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി; ബംഗ്ലാദേശിന് ആറു റണ്‍സ് ജയം

ckmnews


ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ വിജയത്തിനായുള്ള ആറു റണ്‍സ് അകലെ ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു. 266 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 259 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത അക്ഷര്‍ പട്ടേലിന്റെയും ഇന്നിങ്സുകള്‍ക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്ല് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 133 പന്തില്‍ നിന്ന് അഞ്ചു സിക്‌സും എട്ടു ഫോറുമടക്കം 121 റണ്‍സ് നേടിയാണ് മടങ്ങിയത്.


അവസാന ഓവറുകള്‍ തകര്‍ത്തടിച്ച് പ്രതീക്ഷ സമ്മാനിച്ച അക്ഷര്‍ 34 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്നും തന്‍സിം ഹസന്‍, മഹെദി ഹസന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.


ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, നസും അഹമ്മദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 85 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 80 റണ്‍സെടുത്ത ഷാക്കിബാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 81 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്താണ് ആറാമനായി ക്രീസിലെത്തിയ ഹൃദോയ് പുറത്തായത്. 45 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്താണ് നസും അഹമ്മദ് പുറത്തായത്. ഇന്ത്യയ്ക്കായി ശാര്‍ദുല്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.


നേരത്തേ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ പാകിസ്താനെയും ശ്രീലങ്കയേയും പരാജയപ്പെടുത്തി ഇന്ത്യ നേരത്തേ തന്നെ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.