28 June 2024 Friday

നെയ്മറിനും റോഡ്രിഗോയ്ക്കും ഇരട്ട ഗോള്‍! ബൊളീവിയയെ തുരത്തി ബ്രസീല്‍ തുടങ്ങി; ചിലെയ്ക്കെതിരെ ഉറുഗ്വെയ്ക്കും ജയം

ckmnews


2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീല്‍ ഗംഭീര ജയത്തോടെ അരങ്ങേറി. തെക്കെ അമേരിക്കന്‍ മേഖലയില്‍ ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്മര്‍, റോഡ്രിഗോ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്. റഫിഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ബൊളീവിയക്ക് വേണ്ടി വിക്റ്റര്‍ അബ്രഗോ ഒരു ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ 3-1ന് ചിലെയെ മറികടന്നു. നിക്കോളാസ് ഡി ലാ ക്രൂസ് രണ്ട് ഗോള്‍ നേടി. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ വകയായിരുന്നു ഉറുഗ്വെയുടെ മറ്റൊരു ഗോള്‍. അര്‍തുറോ വിദാല്‍ ചിലെയ്ക്ക് വേണ്ടി ആശ്വാസഗോള്‍ നേടി.

പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ബ്രസീല്‍ ആധികാരിക ജയമാണ് ബൊളീവിയക്കെതിരെ നേടിയത്. മത്സരത്തില്‍ 80 ശതമാനവും പന്ത് കൈവശം വച്ചു. എന്നാല്‍ 17-ാം മിനിറ്റില്‍ നെയ്മര്‍ പെനാല്‍റ്റി പാഴാക്കുന്നത് കണ്ടാണ് മത്സരം ഉണര്‍ന്നത്. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം റോഡ്രിഗോയിലൂടെ ബ്രസീല്‍ മുന്നിലെത്തി. ആദ്യപാതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കകം വീണ്ടും ബ്രസീലിന്റെ ഗോള്‍. ഇത്തവണ നെയ്മറുടെ അസിസ്റ്റില്‍ റഫിഞ്ഞയുടെ ഗോള്‍.


53-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് താരം റോഡ്രിഗോ രണ്ടാം ഗോളും നേടി. ബ്രൂണോ ഗ്വിമാറെസാണ് ഗോളിന് വഴിയൊരുക്കിയത്. തുടക്കത്തില്‍ പെനാല്‍റ്റി പാഴാക്കിയ നെയ്മര്‍ പിന്നീട് പരിഹാരവും ചെയ്തു. 61-ാം മിനിറ്റില്‍ അല്‍ ഹിലാല്‍ താരത്തിന്റെ ആദ്യ ഗോള്‍. ഇഞ്ചുറി സമയത്ത് നെയ്മര്‍ രണ്ടാം ഗോളും നേടിയതോടെ പട്ടിക പൂര്‍ത്തിയായി. 78-ാം മിനിറ്റിലായിരുന്നു ബൊളീവിയയുടെ ആശ്വാസ ഗോള്‍.ചിലെയ്‌ക്കെതിരെ 38-ാം മിനിറ്റിലാണ് നിക്കോളാസ് ആദ്യ ഗോള്‍ നേടുന്നത്. ഡാര്‍വിന്‍ നൂനസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍ പിറന്നത്. ആദ്യ പകുതിയുടെ ഇഞ്ചുറി സയമത്ത് രണ്ടാം ഗോളും ഉരുഗ്വെ നേടി. വാല്‍വെര്‍ദെയാണ് വല കുലുക്കിയത്. 71-ാം മിനിറ്റില്‍ ഉറുഗ്വെ 3-0ത്തിന് മുന്നിലെത്തി. 71-ാം മിനിറ്റില്‍ നിക്കോളാസ് രണ്ടാം ഗോളായിരുന്നു അത്. 74-ാം മിനിറ്റില്‍ വിദാലിലൂടെ ചിലെ ആശ്വാസ ഗോള്‍ നേടി