28 June 2024 Friday

യുഎഇ ടോപ് ടീമുകളെ എതിരിടാൻ കേരള ബ്ലാസ്റ്റേഴ്സ്, പ്രധാന താരങ്ങളില്ലാത്തത് തിരിച്ചടി

ckmnews



കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീ സീസൺ പരിശീലനം യുഎഇയിൽ ആരംഭിച്ചു. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന യുഎഇ പര്യടനത്തിൽ അൽ വാസൽ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്സ് നാളെ ആദ്യ മത്സരത്തിനിറങ്ങും. പ്രധാനപ്പെട്ട 8 കളിക്കാർ പ്രീ സീസൺ പരിശീലനത്തിനില്ലാത്തത് ടീമിന് ആശങ്ക പകരുന്നുണ്ട്. പരുക്കും ദേശീയ ടീം ഡ്യൂട്ടിയും കാരണമാണ് ഇത്രയും താരങ്ങൾ വിട്ടുനിൽക്കുന്നത്.

കഴിഞ്ഞ സീസണിൽ ആക്രമണത്തിന്റെ കുന്തമുനയായിരുന്ന ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്, ഈ സീസണിൽ ടീമിന്റെ പ്രധാന വാങ്ങലുകളിലൊന്നായ ഇന്ത്യൻ ഫോർവേഡ് ഇഷാൻ പണ്ഡിത, മിഡ്ഫീൽഡർ സൗരവ് മൊണ്ഡൽ, ഗോൾകീപ്പർ ജസീൻ എന്നിവരാണു പരുക്ക് കാരണം ടീമിനൊപ്പമില്ലാത്തത്. കിങ്സ് കപ്പിനുള്ള ഇന്ത്യൻ ടീമിലുള്ള മിഡ്ഫീൽഡർ ജീക്സൺ സിങ്, മലയാളി താരം കെ.പി.രാഹുൽ എന്നിവരും എഎഫ്സി അണ്ടർ–23 ഏഷ്യാ കപ്പ് കളിക്കുന്ന സെന്റർ ബാക്ക് ഹോർമിപാം റൂയിവ, മലയാളി മിഡ്‌ഫീൽഡർ വിബിൻ മോഹനൻ എന്നിവരും യുഎഇയിൽ ടീമിനൊപ്പമില്ല.

ഇത്രയും കളിക്കാരുടെ അഭാവം ബ്ലാസ്റ്റേഴ്സിന്റെ തയാറെടുപ്പിനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ. നേരത്തേ കൊച്ചിയിൽ നടന്ന ക്യാംപിലും മുഴുവൻ സംഘത്തെയും കളത്തിലിറക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല. വിദേശ താരം ക്വാമേ പെപ്രയും ഇഷാൻ പണ്ഡിതയും ലെഫ്റ്റ് ബാക്ക് ഐബൻ ഡോലിങ്ങും മിഡ്ഫീൽഡർ ഫ്രെഡി ലല്ലാവ്മയും ഡ്യുറാൻഡ് കപ്പിനിടയിലാണു ടീമിന്റെ ഭാഗമായത്. പരുക്കേറ്റു പിൻമാറിയ ഓസ്ട്രേലിയൻ താരം ജോഷ്വ സത്തിരിയോയ്ക്കു പകരമെത്തിയ ജപ്പാൻ വിങ്ങർ ഡെയ്‌സൂകി സകായ് ദുബായിൽ കഴിഞ്ഞ ദിവസം മാത്രമാണു ടീമിനൊപ്പം ചേർന്നത്.

യുഎഇ പ്രൊ ലീഗ് ഫുട്ബോളിലെ കരുത്തരായ ടീമുകളാണു ബ്ലാസ്റ്റേഴ്സിനെ കളത്തിൽ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിലെ എതിരാളിക‌ളായ അൽ വാസൽ മുൻ സീസണിലെ നാലാം സ്ഥാനക്കാരാണ്. 12 നു ഷാർജ എഫ്സിക്കെതിരെയാണു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. മുൻ ബാർസിലോന താരങ്ങളായ മിറാലെം പിയാനിച്ചും പാക്കോ അൽക്കാസറും ഉൾപ്പെടെയുള്ള പേരുകേട്ട താരങ്ങളുടെ ടീമാണിത്. 15നു ഷബാബ് അൽ അഹ്‌ലിക്കെതിരെയാണ് അവസാന മത്സരം. പ്രോ ലീഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് അഹ്‌ലി.