28 June 2024 Friday

ഇറാഖിനെ വിറപ്പിച്ച് ഇന്ത്യ, കിങ്സ് കപ്പിൽ പൊരുതി വീണു; പിഴച്ചത് ഷൂട്ടൗട്ടിൽ

ckmnews


ചിയാങ് മായ് (തായ്‌ലൻഡ്) ∙ അപ്രതീക്ഷിതമായി വഴങ്ങേണ്ടി വന്ന പെനൽറ്റിയിൽ ഇന്ത്യയുടെ വിജയമോഹം പൊലിഞ്ഞു. ഫിഫ റാങ്കിങ്ങിൽ തങ്ങളെക്കാൾ മുന്നിലുള്ള ഇറാഖിനെതിരെ പൊരുതിത്തോറ്റെങ്കിലും, കിങ്സ് കപ്പ് ഫുട്ബോളിൽനിന്ന് തലയുയർത്തിപ്പിടിച്ച് ഇന്ത്യയ്ക്കു മടക്കം. നിശ്ചിത സമയത്ത് സ്കോർ 2–2 സമനിലയായതിനെത്തുടർന്ന് പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. ഷൂട്ടൗട്ടിൽ ഇറാഖ്–5, ഇന്ത്യ–4.

നേരത്തേ, മത്സരത്തിന്റെ 79–ാം മിനിറ്റ് വരെ ഇന്ത്യയായിരുന്നു 2–1നു മുന്നിൽ. ഇറാഖി സ്ട്രൈക്കർ അയ്മൻ ഗദ്ബാനെ ഇന്ത്യൻ ബോക്സിൽ 2 ഡിഫൻഡർമാർ പൂട്ടിയതിനു റഫറി പെന‍ൽറ്റി അനുവദിച്ചതാണു മത്സരത്തിൽ വഴിത്തിരിവായത്. ബോക്സിലേക്ക് ഉയർന്നു വന്ന ഒരു ക്രോസ് കണക്ടു ചെയ്യാൻ ശ്രമിച്ച ഗദ്ബാനെ രണ്ട് ഇന്ത്യൻ താരങ്ങൾ തടഞ്ഞതാണു റഫറി പെനൽറ്റി അനുവദിക്കാൻ കാരണം. ഗദ്ബാൻ തന്നെയാണ് പെനൽറ്റി കിക്ക് എടുത്തത്. ഇതു ലക്ഷ്യത്തിലെത്തിയതോടെ സ്കോർ 2–2 ആയി.

ടൂർണമെന്റിന്റെ നിയമം അനുസരിച്ച് 90 മിനിറ്റ് കളി സമനിലയായാൽ നേരിട്ടു പെനൽറ്റി ഷൂട്ടൗട്ടാണ്. ബ്രണ്ടൻ ഫെർണാണ്ടസിന്റെ കിക്ക് പോസ്റ്റിൽ തട്ടി തെറിച്ചത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇറാഖ് തങ്ങളുടെ 5 കിക്കുകളും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഷൂട്ടൗട്ടിലെ 5–4 വിജയത്തോടെ ഇറാഖ് ഫൈനലിൽ കടന്നു.


നേരത്തേ, മഹേഷ് നവോറമിന്റെ ഗോളിൽ 16–ാം മിനിറ്റി‌ൽ ഇന്ത്യ മുന്നിലെത്തി. 28–ാം മിനിറ്റിൽ കരിം അലിയുടെ പെനൽറ്റി ഗോളിലൂടെ ഇറാഖ് സമനില പിടിച്ചു. 51–ാം മിനിറ്റിൽ ഇറാഖ് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ജലാൽ ഹസൻ വഴങ്ങിയ സെൽഫ് ഗോളിൽ ഇന്ത്യ വീണ്ടും മുന്നിലെത്തി. തുടർന്നായിരുന്നു വിവാദ പെനൽറ്റി. ഫിഫ റാങ്കിങ്ങിൽ 70–ാം സ്ഥാനക്കാരാണ് ഇറാഖ്; ഇന്ത്യ 99–ാം സ്ഥാനത്തും. കുഞ്ഞു പിറന്നതിനെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യൻ ടീം ഇറാഖിനെ നേരിട്ടത്.