28 June 2024 Friday

മുന്‍ കാമുകിയുടെ പീഡന ആരോപണം; ആന്റണിയെ ബ്രസീല്‍ ദേശീയ ടീമില്‍ നിന്ന് പുറത്താക്കി

ckmnews


മുന്‍ കാമുകിയുടെ പീഡന ആരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ടീമില്‍ നിന്ന് ആന്റണിയെ പുറത്താക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ നടപടിയെടുത്തത്.

ബൊളീവിയക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ആന്റണിക്ക് പകരം ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെ ടീമീല്‍ ഉള്‍പ്പെടുത്തി. അന്വേഷണം നടക്കുന്നതിനാലാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ അറിയിച്ചു.


ഗാര്‍ഹിക പീഡനം ആരോപിച്ച് ആന്റണിയുടെ മുന്‍ കാമുകി മേയ് 20-ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് താരത്തിനെതിരായ പരാതിയിലുള്ളത്. നിരവധി തവണ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കാമുകിയുടെ പരാതിയില്‍ പറയുന്നു.


ജനുവരി 15 ന് മാഞ്ചസ്റ്ററിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് മര്‍ദിച്ചെന്നും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണങ്ങല്‍ നിഷേധിച്ച് ആന്റണി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ തെറ്റാണെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ആന്റണി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സംഭവത്തില്‍ സാവോ പൗലോ പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.


അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. നേരത്തെ സമാന കുറ്റത്തിന് മുന്നേറ്റ താരം മാസണ്‍ ഗ്രീന്‍വുഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 21-കാരനായ താരം കഴിഞ്ഞയാഴ്ച വായ്പാടിസ്ഥാനത്തില്‍ സ്പാനിഷ് ടീമായ ഗെറ്റാഫെയില്‍ ചേര്‍ന്നിരുന്നു.