28 June 2024 Friday

ഈസ്റ്റ് ബംഗാളിനെ തകർത്തു; 23 വര്‍ഷത്തിനു ശേഷം മോഹൻ ബഗാൻ ഡ്യുറാൻഡ് കപ്പ് ജേതാക്കൾ

ckmnews


കൊൽക്കത്ത ∙ 30 മിനിറ്റോളം 10 പേരുമായി കളിക്കേണ്ടി വന്നിട്ടും ഈസ്റ്റ് ബംഗാളിനു മുന്നിൽ മുട്ടുമടക്കാൻ മോഹൻ ബഗാൻ തയാറായില്ല. ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ 1–0ന് തോൽപിച്ച് മോഹൻ ബഗാൻ കിരീടം ചൂടി. 23 വർഷത്തിനു ശേഷമാണ് ബഗാൻ ഡ്യുറാൻഡ് കപ്പിൽ മുത്തമിടുന്നത്. 

ബംഗാൾ ഫുട്ബോളിന്റെ പോരാട്ടവീര്യം കണ്ട മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും വാശിയോടെ കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. 62–ാം മിനിറ്റിൽ ബഗാൻ താരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ഈസ്റ്റ് ബംഗാൾ മത്സരത്തിൽ മേൽക്കൈ നേടുമെന്നു തോന്നിച്ചെങ്കിലും ബഗാന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ അവർക്ക് സാധിച്ചില്ല.

ഇതിനിടെ 71–ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിന്റെ ഒറ്റയാൾ മുന്നേറ്റം ബഗാനെ മുന്നിലെത്തിച്ചു. ബംഗാൾ പ്രതിരോധ നിരയെ കീറിമുറിച്ച് 25 വാര അകലെ നിന്ന് പെട്രോറ്റോസ് തൊടുത്തുവിട്ട കിക്ക് ചെന്നു പതിച്ചത് ഈസ്റ്റ് ബംഗാൾ ആരാധകരുടെ ഹൃദയത്തിലാണ്. അവസാന 10 മിനിറ്റിൽ തുടരാക്രമണങ്ങളുമായി ബഗാൻ ഗോൾ മുഖത്തേക്ക് ഈസ്റ്റ് ബംഗാൾ താരങ്ങൾ പാഞ്ഞടുത്തെങ്കിലും ബഗാൻ പ്രതിരോധത്തെ മറികടക്കാനായില്ല.