28 June 2024 Friday

നെയ്മർ ഇന്ത്യയിലേക്ക്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് നറുക്ക് വീണു മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും

ckmnews


ക്വലാലംപുർ: കാത്തിരിപ്പിന് വിരാമം, ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ ജൂനിയർ ഔദ്യോഗിക ഫുട്ബോള്‍ മത്സരത്തിനായി ഇന്ത്യയിലെത്തും! എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഐഎസ്എല്‍ സൂപ്പർ ക്ലബ് മുംബൈ സിറ്റി എഫ്സിയും നെയ്മറുടെ സൗദി ക്ലബായ അല്‍ ഹിലാലും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണിത്. ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റിക്കും അല്‍ ഹിലാലിനുമൊപ്പം ഇറാനില്‍ നിന്നുള്ള എഫ്സി നസ്സാജി മസാന്‍ദരനും ഉസ്‍ബെക്കിസ്താന്‍ ക്ലബ് നവ്‍ബഹോറുമാണ് ഇടംപിടിച്ചിരിക്കുന്നത്. മലേഷ്യയിലെ ക്വലാലംപുരിലാണ് എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്‍റെ നറുക്കെടുപ്പ് നടന്നത്.

മുംബൈ സിറ്റിയും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‍റും തമ്മില്‍ പോരാട്ടം വരുമോയെന്ന ആകാംക്ഷയിലായിരുന്നു ഇന്ന് രാവിലെ മുതല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകർ. എന്നാല്‍ ക്വലാലംപുരിലെ നറുക്കെടുപ്പില്‍ മുംബൈ സിറ്റിയുടെ ഭാഗ്യം നെയ്മറുടെ ഇപ്പോഴത്തെ ക്ലബായ അല്‍ ഹിലാലിലേക്ക് എത്തുകയായിരുന്നു. ഇതോടെ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനായി നെയ്മർ ഇന്ത്യയിലെത്തും. ആദ്യമാണ് നെയ്മർ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പന്ത് തട്ടുന്നത്. എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ടീമാണ് നെയ്മറുടെ പുതിയ ക്ലബായ അല്‍ ഹിലാല്‍. ഈ സീസണില്‍ നെയ്മർക്ക് പുറമെ റൂബന്‍ നെവസ്, കലിദു കുലിബാലി, മിലിന്‍കോവിച്ച് സാവിച്ച് തുടങ്ങിയവരെ അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു.

എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം തവണയാണ് മുംബൈ സിറ്റി എഫ്സി ഗ്രൂപ്പ് മത്സരം കളിക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഇറാഖ് എയർ ഫോഴ്സ് ടീമിനെ മുംബൈ സിറ്റി എഫ്സി പരാജയപ്പെടുത്തിയിരുന്നു. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരം ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീം എന്ന നേട്ടം ഇതോടെ മുംബൈ ക്ലബിന് സ്വന്തമായി. പൂനെയിലെ ബലേവാഡി സ്റ്റേഡിത്തിലാണ് മുംബൈ സിറ്റി ഇത്തവണ ഹോം മത്സരങ്ങള്‍ കളിക്കുക. നേരത്തെ മുംബൈ ഫുട്ബോള്‍ അരീനയായിരുന്നു ഹോം വേദിയെങ്കിലും അവിടുത്തെ സൗകര്യങ്ങള്‍ മതിയാകാത്തതാണ് വേദി പൂനെയിലേക്ക് ഇക്കുറി മാറ്റാന്‍ കാരണം. ബലേവാഡി സ്റ്റേഡിയം മുംബൈയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാവും. അതേസമയം എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്ത് തട്ടുന്ന അല്‍ നസ്‍ർ ഗ്രൂപ്പ് ഇയിലാണ് വരുന്നത്.