28 June 2024 Friday

നെയ്മറിന് പിന്നാലെ യാസീന്‍ ബോണോയും; മൊറോക്കന്‍ ഗോള്‍ കീപ്പര്‍ അല്‍ ഹിലാലില്‍

ckmnews


ലോകോത്തര ഫുട്ബാള്‍ താരങ്ങളുടെ സൗദിയിലേക്കുള്ള കൂടുമാറ്റം തുടരുന്നു. നെയ്മറിന് പിന്നാലെ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയും സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിലേക്കെത്തുകയാണ്. സ്‌പെയിനിലെ സെവില്ലയില്‍ നിന്നും 3 വര്‍ഷത്തെ കരാറിലാണ് താരം സൗദിയിലെത്തുന്നത്.

ഫ്രാന്‍സില്‍ വെച്ച് അല്‍ ഹിലാല്‍ ഡയറക്ടര്‍ ബോഡ് ചെയര്‍മാന്‍ ഫഹദ് ബിന്‍ നാഫല്‍ ആണ് ബോണോയുമായുള്ള കരാര്‍ ഒപ്പുവെച്ചത്. 3 വര്‍ഷത്തേക്ക് ആണ് 32 കാരനുമായുള്ള അല്‍ ഹിലാലിന്റെ കരാര്‍. സൗദി കോടീശ്വരനായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍ ആണ് ഈ ഇടപാടിനുള്ള സാമ്പത്തിക പിന്തുണ നല്‍കിയതെന്ന് ക്ലബ്ബ് വ്യക്തമാക്കി.


ഖത്തര്‍ ലോകകപ്പില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ മൊറോക്കന്‍ ദേശീയ ടീമിന് സാധിച്ചത് മോണോയുടെ കൂടി പ്രകടനം കൊണ്ടായിരുന്നു. ലോകകപ്പില്‍ സെമി ഫൈനലില്‍ എത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ ടീം ആയി മൊറോക്കോ മാറി. നെയ്മറിനും ബോണോയ്ക്കും പുറമെ ബ്രസീല്‍ താരങ്ങളായ മാല്‍കോം, മിക്കായേല്‍, പോര്‍ച്ചുഗല്‍ താരം റൂബിന്‍ നവേസ്, ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ സൗദിയുടെ വിജയ ഗോള്‍ നേടിയ സാലിം അല്‍ ദോസരി തുടങ്ങിയവരെല്ലാം ഇപ്പോള്‍ അല്‍ഹിലാല്‍ ക്ലബ്ബിലുണ്ട്.

സൗദി പ്രോ ലീഗിന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ നാളെ അല്‍ഹിലാലിന് വേണ്ടി നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളത്തില്‍ ഇറങ്ങും. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ രാത്രി 9 മണിക്ക് അല്‍ ഫൈഹ ക്ലബ്ബുമായാണ് മത്സരം. മത്സരത്തിന് മുമ്പായി സ്റ്റേഡിയത്തില്‍ നെയ്മറിനെ സൗദിയില്‍ അവതരിപ്പിക്കുന്ന ചടങ്ങും ഉണ്ടാകും.