28 June 2024 Friday

ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 ഇന്ന്

ckmnews


ഡബ്ലിന്‍: ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡബ്ലിനില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് തുടങ്ങുന്ന മത്സരം ടിവിയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും തത്സമയം കാണാം. ഏഷ്യാ കപ്പും ലോകകപ്പും വരാനിരിക്കെ യുവാതാരങ്ങളുടെ നിരയെ ആണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക് അയച്ചിരിക്കുന്നത്.

പരിക്ക് മാറി തിരിച്ചെത്തുന്ന ജയ്പ്രീത് ബുമ്ര നായകനാകുന്ന പരമ്പരയില്‍ വിന്‍ഡീസ് പരമ്പരയില്‍ കളിച്ച താരങ്ങളും ഏഷ്യന്‍ ഗെയിംസിനുള്ള താരങ്ങളുമുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിംഗ്, ജിതേഷ് ശര്‍മ എന്നിവരാണ് പുതുമുഖങ്ങള്‍. ഇന്ത്യക്കായി ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഷഹബാസ് അഹമ്മദ് ആദ്യമായി ടി20 ടീമിലെത്തിയിട്ടുണ്ട്.


യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടാനുള്ള അവസരമാണിതെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍, തിലക് വര്‍മ, ആവേശ് ഖാന്‍, രവി ബിഷ്ണോയ് തുടങ്ങിയ യുവതാരങ്ങല്‍ക്ക് ഏഷ്യാ കപ്പ് ടീമിലിടം നേടാനുള്ള അവസരമാണ് ഈ പരമ്പര.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന സഞ്ജുവിന് വിമര്‍ശകരുടെ വായടപ്പിക്കുന്നൊരു ഇന്നിംഗ്സ് ഇന്ന് കാഴ്ചവെക്കേണ്ടത് അനിവാര്യമാണ്. മുമ്പ് അയര്‍ലന്‍ഡില്‍ കളിച്ച മത്സരത്തില്‍ ഓപ്പണറായി എത്തിയ സഞ്ജു തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ഇന്ത്യന്‍ കുപ്പായകത്തില്‍ സഞ്ജുവിന്‍റെ ടി20 കരിയറിലെ ഏക അര്‍ധസെഞ്ചുറിയുമാണിത്. സഞ്ജുവിനെ ബാറ്ററായി ഉള്‍പ്പെടുത്തിയാലും ജിതേഷ് ശര്‍മയെ വിക്കറ്റ് കീപ്പറായി കളിപ്പിക്കാനും സാധ്യതയുണ്ട്. ഇത് സഞ്ജുവിന് അധിക സമ്മര്‍ദ്ദമാവും.

ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മികച്ചൊരു ഇന്നിംഗ്സ് കാഴ്ടവെക്കുന്നത് സഞ്ജുവിന് ഗുണകരമാകും. സഞ്ജുവിനെപ്പോലെ യുവതാരം തിലക് വര്‍മക്കും അയര്‍ലന്‍ഡിനെതിരെ തിളങ്ങിയാല്‍ ഏഷ്യാ കപ്പില്‍ ഇടം നേടാമെന്ന പ്രതീക്ഷയുണ്ട്. തിലകിനെ ലോകകപ്പ് ടീമില്‍ വരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ഞായറാഴ്ചയാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. കെ എല്‍ രാഹുല്‍ ടീമിലില്ലെങ്കില്‍ മാത്രമെ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിന് സാധ്യതയുള്ളു.